കൊവിഡ് ബാധിച്ച യുവതിയും 25ദിവസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍, ഈ കുടുംബത്തിലെ എല്ലാവരും രോഗ ബാധിതര്‍

വടക്കെക്കാട്: കൊവിഡ് ബാധിച്ച യുവതിയെയും നവജാത ശിശുവിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കെക്കാട് രണ്ടാം വാര്‍ഡില്‍ വൈലേരിപ്പീടികയില്‍ താമസിക്കുന്ന രാജേഷിന്റെ ഭാര്യയായ ചാവക്കാട് ബ്ലാങ്ങാട് കണ്ണംമൂട് സീമോന്‍ മകള്‍ സിനിയും 25 ദിവസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

കുടുംബത്തിലെ എല്ലാവര്‍ക്കും കൊവിഡ് ബാധിച്ച്‌ ക്വറന്റൈനില്‍ കഴിയുകയായിരുന്നു. സിനിക്കും മരിച്ച കുഞ്ഞിനും ഭര്‍ത്താവ് രാജേഷിനും അഞ്ചു വയസുകാരനായ മകനും സിനിയുടെ മാതാവ് ശാരദയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. സിനിയുടെ മാതാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവ സമയം രാജേഷും അഞ്ചു വയസുകാരനായ മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

മറ്റൊരു റൂമില്‍ പ്രസവിച്ച്‌ കിടന്നിരുന്ന ഭാര്യയെയും കുഞ്ഞിനെയും രാത്രിയില്‍ കാണാതായതിനെ തുടര്‍ന്ന് രാജേഷ് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവര്‍ താമസിക്കുന്ന കോളനിയിലെ പൊതു കിണറ്റില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേഷ് ബഹളം വച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. പ്രസവത്തെ തുടര്‍ന്ന് സിനി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം ബ്ലാങ്ങാട് വീടിന് സമീപമുള്ള കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും രാജേഷ് പറഞ്ഞു.