കോട്ടയം: തനിക്ക് നേരെ വന്ന ഭീഷണിയ്ക്ക് മറുപടിയുമായി മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. അവര്‍ തന്നെ എന്തു ചെയ്താലും നേരിടാന്‍ തയ്യാറാണെന്നും, ജനിച്ചുവളര്‍ന്ന ഈരാറ്റുപേട്ടയില്‍ ഇറങ്ങാന്‍ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുമ്പ്‌ വന്ന ഭീഷണിയോടും പോടാ എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോഴും അത് തന്നെ പറയുന്നു. പച്ചയ്ക്കാണ് പറയുന്നത്. അവരെന്നെ എന്തു ചെയ്താലും നേരിടാന്‍ തയ്യാറാണ്. ഞാന്‍ ജനിച്ചുവളര്‍ന്ന ഈരാറ്റുപേട്ടയില്‍ ഇറങ്ങാന്‍ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ട. ഇപ്പോഴും ഞാന്‍ പേട്ടയിലാണ് ഇറങ്ങാന്‍ പോവുന്നത്. നേരിടാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.കൊല്ലാന്‍ വരുന്നവനെ ഞാന്‍ തന്നെയാണ് നേരിടുക. ഞാന്‍ ഒറ്റയ്‌ക്കൊന്നുമല്ല. അങ്ങനെ ആരെങ്കിലും വന്നാല്‍ ഞാന്‍ ഒറ്റയ്ക്ക് പോവുകയുമില്ല. അതൊരു പരമ്ബര തന്നെയായിരിക്കും,’ പിസി ജോര്‍ജ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ പി സി ജോര്‍ജിനെ ഒരു യുവാവ് ഫേസ്ബുക്ക് വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെക്കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നതുപോലെ ഞങ്ങള്‍ തല്ലുമെന്നായിരുന്നു ഭീഷണി.