മലപ്പുറം : നിയമസഭ തിരഞ്ഞെടുപ്പില്‍ തവനൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇ പി രാജീവ്. യുഡിഎഫ്‌ പ്രവര്‍ത്തകര്‍ ഏറെ നിരാശരായിരിക്കുന്ന സന്ദര്‍ഭത്തില്‍ ഫിറോസ്‌ ചില മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ പ്രസ്താവനകള്‍ ബാലിശവും ദൗര്‍ഭാഗ്യകരവുമാണെന്നും ഇ പി രാജീവ് പറഞ്ഞു. യുഡിഎഫില്‍ അനൈക്യം എന്ന് ഫിറോസ്‌ പറഞ്ഞത്‌ തീര്‍ത്തും തെറ്റാണ്. തവനൂരിലെ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ പോലും ആവശ്യപ്പെടാതെ യുഡിഎഫ്​ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥിയാണ് ഫിറോസ്‌. ചാരിറ്റി പ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ്‌ വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാതിരുന്നിട്ടും അദ്ദേഹം തവനൂരില്‍ വന്നിറങ്ങിയത്‌ മുതല്‍ കോണ്‍ഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു എന്നും ഇ പി രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇ പി രാജീവിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം……………………

ശത്രുക്കളില്‍ നിന്ന് അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പില്‍ മാറരുത്‌. യു. ഡി. എഫ്‌ പ്രവര്‍ത്തകര്‍ ഏറെ നിരാശരായ സന്ദര്‍ഭമാണിപ്പോള്‍.ഫിറോസ്‌ ഇന്ന് ചില മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ പ്രസ്താവനകള്‍ തീര്‍ത്തും ബാലിശവും ദൗര്‍ഭാഗ്യകരവുമാണ്. തവനൂരിലെ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ പോലും ആവശ്യപ്പെടാതെ യു. ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയാണ് ഫിറോസ്‌. ചാരിറ്റി പ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ്‌ വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനില്ല. എന്നിട്ടു പോലും അദ്ദേഹം തവനൂരില്‍ വന്നിറങ്ങിയത്‌ മുതല്‍ കോണ്‍ഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. യു. ഡി. എഫില്‍ അനൈക്യം എന്ന് ഫിറോസ്‌ പറഞ്ഞത്‌ തീര്‍ത്തും തെറ്റായ വസ്തുതയാണ്. സജീവമായി പ്രവത്തിച്ച ഒരാളെന്ന നിലക്ക്‌ എനിക്ക്‌ ആധികാരികമായിത്തന്നെ അത്‌ പറയാന്‍ കഴിയും.

ഫിറോസെന്ന വ്യക്തിക്കാണു ജനങ്ങള്‍ വോട്ട്‌ നല്‍കിയത്‌ എന്ന രൂപത്തില്‍ അദ്ദേഹം സംസാരിച്ചു. ഫിറോസ്‌ എന്ന വ്യക്തിയെ ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്കല്ലാതെ എത്ര പേര്‍ക്ക്‌ അറിയാമെന്ന് ഫിറോസ്‌ ചിന്തിക്കണം.

രാജാവിനു ചുറ്റുമിരുന്ന് മംഗള ഗാനം പാടുന്ന കൊട്ടാരം വിദൂഷകരുടെ പിടിയില്‍ നിന്ന് മോചിതനായിക്കൊണ്ട്‌ ഫിറോസ്‌ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ പഠിക്കണം. പലതില്‍ നിന്നും രക്ഷ നേടാന്‍ ഫിറോസിനു വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ കൊറോണക്കാലത്തും തവനൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിച്ച,പോസ്റ്ററൊട്ടിച്ച,പണം ചെലവഴിച്ച യു. ഡി. എഫ്‌ പ്രവര്‍ത്തകരെ ഒറ്റു കൊടുക്കരുത്‌.