തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴിലും ആറ്റിങ്ങലിലും വോട്ട് വര്‍ദ്ധിപ്പിച്ച്‌ ബിജെപി. ശക്തമായ മത്സരമാണ് മണ്ഡലങ്ങളില്‍ ബിജെപി കാഴ്ച്ചവച്ചത്. 10,000ല്‍ പരം വോട്ടുകളാണ് ഇവിടങ്ങളില്‍ ബിജെപി വര്‍ദ്ധിപ്പിച്ചത്.

ആറ്റിങ്ങലില്‍ അഡ്വ. പി. സുധീര്‍ 38,262 വോട്ടുകളാണ് ഇക്കുറി നേടിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രാജിപ്രസാദിന് 27,602 വോട്ടുകളാണ് ലഭിച്ചത്. അതായത് 10,660 വോട്ടിന്റെ വര്‍ദ്ധനവ്. യുഡിഎഫിനെ മൂന്നാം സ്ഥാനത്താക്കി രണ്ടാം സ്ഥാനത്തേക്ക് ബിജെപി ആറ്റിങ്ങലില്‍ ഉയര്‍ന്നു. മൂന്നാം സ്ഥാനത്തായ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ. ശ്രീധരനേക്കാള്‍ 1,324 വോട്ടിന്റെ വര്‍ദ്ധനവാണ് സുധീര്‍ മണ്ഡലത്തില്‍ നേടിയത്.
ചിറയിന്‍കീഴ് മണ്ഡലത്തിലെ ശക്തമായ ത്രികോണമത്സരത്തില്‍ നേട്ടമുണ്ടാക്കി ബിജെപി. ജി.എസ്. ആശാനാഥ് 30,986 വോട്ടുകളാണ് ഇക്കുറി നേടിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 19,478 വോട്ടാണ് കരസ്ഥമാക്കിയത്. അതായത് 11,508 വോട്ടാണ് ചിറയിന്‍കീഴില്‍ ബിജെപി വര്‍ദ്ധിപ്പിച്ചത്. മൂന്നാംസ്ഥാനത്താണ് ആശാനാഥ് എങ്കിലും മണ്ഡലത്തില്‍ ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നടത്തിയത്.