തിരുവനന്തപുരം : സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഇത്രയും വലിയ മുന്നേറ്റമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. തിരഞ്ഞെടുപ്പ് തിരിച്ചടി പ്രതീക്ഷിച്ചിരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനാകുമെന്നും കേരളത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടാകുമെന്നുമാണ് കരുതിയിരുന്നത്. നേമത്തെ ഉള്‍പ്പെടെ പരാജയം പ്രതീക്ഷിച്ചിരുന്നതല്ല. തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ വോട്ടുകുറഞ്ഞിട്ടുമുണ്ട് അതോടൊപ്പം കുറച്ച്‌ മണ്ഡലങ്ങളില്‍ വോട്ട് വര്‍ധിച്ചിട്ടുമുണ്ട്. എന്തുകൊണ്ടാണ് വോട്ട് കുറഞ്ഞത് എന്നത് സംബന്ധിച്ച്‌ വിശദമായി പാര്‍ട്ടി പരിശോധിക്കും. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും കൃഷ്ണദാസ് പറഞ്ഞു.

ആകെയുണ്ടായിരുന്ന സീറ്റ് നഷ്ടപ്പെട്ടതില്‍ ഉയരുന്ന പരിഹാസങ്ങളെപ്പറ്റി അറിയുന്നുണ്ട്. പരിഹാസങ്ങളില്‍ ചൂളിപോകുന്ന പാര്‍ട്ടിയല്ല ബിജെപി. വെറും രണ്ട് സീറ്റുണ്ടായിരുന്ന കാലത്തും ഇത്തരം പരിഹാസങ്ങള്‍ ഞങ്ങള്‍ രാജ്യത്ത് നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് രാജ്യം ഭരിക്കാന്‍ തുടര്‍ച്ചയായി ഭൂരിപക്ഷം നേടിയ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് ഞങ്ങള്‍. അതുകൊണ്ട് പരിഹാസങ്ങള്‍ നടക്കട്ടെ ഞങ്ങള്‍ പ്രവര്‍ത്തനവുമായി മുന്നോട്ടുപോക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.