തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ പ്രവര്‍ത്തകര്‍ തളരരുതെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കേന്ദ്രത്തിലോ കേരളത്തിലോ ഒരു സ്വാധീനവും ഇല്ലാതിരുന്ന കാലത്തുപോലും ആക്ഷേപങ്ങള്‍ സഹിച്ച്‌ പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ടവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ എന്ന് ശോഭ ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.

‘നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം എതിര്‍പക്ഷത്തു നിന്നും ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. കഴക്കൂട്ടത്തെ സിപിഎമ്മുകാരനും എസ്ഡിപിഐക്കാരനും പാലക്കാട്ടെ കോണ്‍ഗ്രസുകാരനും മഞ്ചേശ്വരത്തെ മുസ്ലീം ലീഗുകാരനും തൃശൂരിലെ സിപിഐക്കാരനും ഒരേ സ്വരത്തിലാണ് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. ബൂത്തിലിരിക്കാന്‍ ആളില്ലാത്ത കാലത്തും കൊടി കുത്താന്‍ അനുവദിക്കില്ലെന്ന് മാര്‍ക്‌സിസ്റ്റുകാരന്‍ വെല്ലുവിളിച്ച കാലത്തും നമ്മള്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു. കേന്ദ്രത്തില്‍ ഭരണമില്ലാത്ത, കേരളത്തില്‍ ഒരു പഞ്ചായത്ത് മെമ്ബര്‍ പോലുമില്ലാത്ത കാലത്തും ആക്ഷേപങ്ങള്‍ സഹായിച്ച്‌ പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ടവരാണ് നമ്മള്‍. അവിടെ നിന്നാണ് കേരളത്തിലെ മുന്നണികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രാഷ്ട്രീയ ബദല്‍ എന്ന നിലയിലേയ്ക്ക് നാം വളര്‍ന്നത്’. ശോഭ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ചിലയിടങ്ങളില്‍ നിരാശയുണ്ടായേക്കാം. നിര്‍ദ്ദേശങ്ങളും പരിഭവങ്ങളും ഉണ്ടാകാം. എല്ലാം പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാകണമെന്ന് ശോഭാ സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. 90കളില്‍ അമിത്ഷാ ജി ഗുജറാത്തില്‍ നടപ്പിലാക്കിയതുപോലെ സഹകരണ സംഘങ്ങളിലേയ്ക്ക് മത്സരിക്കുകയും അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തപ്പെടുത്തുകയും വേണം. യുവാക്കളെ പ്രസ്ഥാനത്തിലേയ്ക്ക് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തണം. അതിനുവേണ്ടി യുവമോര്‍ച്ചയുടെ പ്രവര്‍ത്തനം സജീവമാക്കുകയും മഹാളാ മോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വേണം. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിജിയോടൊപ്പം കേരളത്തില്‍ നിന്ന് ബിജെപിക്കാരന്‍ ജയിച്ചുകയറുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യണമെന്ന് ശോഭ ആവശ്യപ്പെട്ടു. വീഴ്ചകള്‍ കണ്ടുപിടിച്ച്‌ തിരുത്താനും മുന്നേറാനും ഒരു രാഷ്ട്രീയ പ്രതിയോഗിയുടെയും വാറോല ആവശ്യമില്ലെന്നും ആ ഊര്‍ജം സംഘടന തന്നെ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് 1.56 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്.