പൂഞ്ഞാര്‍: ഈരാറ്റുപേട്ടയില്‍ ചെന്നാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്ന് പി.സി. ജോര്‍ജിനെതിരേ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്ത് . പി.സി. ജോര്‍ജ് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നുവെന്നും ജോര്‍ജ് സാറിനോട് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. പെട്ടന്നുണ്ടായ ഒരു ആവേശത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതയാണെന്നും അമീന്‍ എന്ന യുവാവ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് തോല്‍വി ഏറ്റുവാങ്ങിയ പിസി ജോര്‍ജ്ജിനോട് യുവാവിന്റെ ഭീഷണി. ‘ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലിയെന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.’ യുവാവ് സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കി.

ഇതിനു അതെ ഭാഷയില്‍ തന്നെ മറുപടിയുമായി പിസി ജോര്‍ജ് രംഗത്ത് എത്തിയിരുന്നു. ‘ഇവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ ഇപ്പോഴും തനിക്കുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവന്‍ തന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്നും’ പിസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ ക്ഷമാപണം