കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വവും തനിക്കാണെന്നും, എന്തും താങ്ങാന്‍ താന്‍ തയാറാണെന്നും, തീരുമാനം നേതൃത്വത്തിന് എടുക്കാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും വോട്ട് കച്ചവടം നടന്നത് കോണ്‍ഗ്രസും, സിപിഎമ്മും തമ്മിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വോട്ട് കുറഞ്ഞത് വോട്ട് കച്ചവടം കൊണ്ടാണോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയും വ്യക്തമാക്കുന്നത് കോണ്‍ഗ്രസ്-സിപിഎം വോട്ട് കച്ചവടമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ലീഗിന് സ്ഥാനാര്‍ഥി ഇല്ലാത്ത ഇടങ്ങളില്‍ എസ്.ഡി.പി ഐ യുടെ അടക്കം വോട്ടുകള്‍ ഇടതിനാണ് പോയതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തോല്‍വിയില്‍ പാര്‍ട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.