ആലപ്പുഴ: ജില്ലയില്‍ എല്ലാ മണ്ഡലങ്ങളും നിലനിര്‍ത്തിയെങ്കിലും ഇടതിന് പലയിടത്തും വോട്ടുകുറഞ്ഞു. യുഡിഎഫിന്റെയും എന്‍ഡിഎയുടെയും വോട്ടുവിഹിതം ചില മണ്ഡലങ്ങളില്‍ ഉയരുകയും ചെയ്തു. ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജന്‍ 11,644 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും എല്‍ഡിഎഫിനു കുത്തനെ വോട്ടുകുറഞ്ഞു. കഴിഞ്ഞതവണ തോമസ് ഐസക്കിന് 83,211 വോട്ടാണു കിട്ടിയത്. ചിത്തരഞ്ജന് ഇത്തവണ കിട്ടിയത് 73,412 വോട്ടും. 9,799 വോട്ടിന്റെ കുറവ്.

അതേസമയം, യുഡിഎഫ് ഇവിടെ വോട്ടുവിഹിതമുയര്‍ത്തി. കഴിഞ്ഞതവണ യുഡിഎഫ്.സ്ഥാനാര്‍ഥി ലാലി വിന്‍സെന്റ് 52,179 വോട്ടുനേടിയ സ്ഥാനത്ത് കെ.എസ്. മനോജ് ഇക്കുറി 61,788 വോട്ടുനേടി. 9,589 വോട്ടിന്റെ വര്‍ധന. എന്‍.ഡി.എ.യും ഇക്കുറി ഇവിടെ വോട്ടുവിഹിതമുയര്‍ത്തി. കഴിഞ്ഞതവണ 18,214 വോട്ടാണ് എന്‍ഡിഎയ്ക്കു കിട്ടിയത്. ഇക്കുറി അത് 21,650 ആയി ഉയര്‍ന്നു.

അമ്ബലപ്പുഴയില്‍ എച്ച്‌. സലാം ജയിച്ചിട്ടും എല്‍ഡിഎഫിന്റെ വോട്ടുകുറഞ്ഞു. കഴിഞ്ഞതവണ ജി. സുധാകരന് 63,069 വോട്ടാണു ലഭിച്ചത്. സലാമിന് 61,365 വോട്ടേ ലഭിച്ചുള്ളൂ. 1704 വോട്ടിന്റെ കുറവ്. ഇവിടെയും യുഡിഎഫ് വോട്ടുവിഹിതത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കി. 9,792 വോട്ടിന്റെ വര്‍ധനയാണ് യുഡിഎഫിനുണ്ടായത്.

ചേര്‍ത്തലയില്‍ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം നേടാന്‍ പി. പ്രസാദിനായില്ലെങ്കിലും വോട്ടുവിഹിതം എല്‍ഡിഎഫ് ഉയര്‍ത്തി. കഴിഞ്ഞതവണ തിലോത്തമന് 81,197 വോട്ടാണു ലഭിച്ചത്. ഇക്കുറി പ്രസാദ് 83,702 വോട്ടുനേടി. 2,505 വോട്ടിന്റെ വര്‍ധന. യുഡിഎഫ്.ചേര്‍ത്തലയിലും വോട്ടുവിഹിതം ഉയര്‍ത്തി. കഴിഞ്ഞതവണ 74,001 വോട്ടുനേടിയ സ്ഥാനത്ത് ഇക്കുറി 77,554 വോട്ടുനേടി. 3,553 വോട്ടിന്റെ വര്‍ധന.

31,984 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ ജയിച്ച ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റെ വോട്ട് കുത്തനെകൂടി. 18,413 വോട്ടാണ് വര്‍ധിച്ചത്. കഴിഞ്ഞതവണ 52,880 ആയിരുന്നു എല്‍ഡിഎഫിനു ലഭിച്ച വോട്ടുകള്‍. ഇത്തവണ അത് 71,293 ആയി ഉയര്‍ന്നു. യുഡിഎഫിന് വോട്ടുകുറവുണ്ടായി. 44,897 വോട്ടുകിട്ടിയ യുഡിഎഫിന് ഇത്തവണ 39,309 വോട്ടേ കിട്ടിയുള്ളൂ.

കുട്ടനാട്ടില്‍ എല്‍ഡിഎഫ് വോട്ടുവിഹിതം ഉയര്‍ന്നു. കഴിഞ്ഞതവണ 50,114 വോട്ടുകിട്ടിയ സ്ഥാനത്ത് ഇക്കുറി 57,379 വോട്ടുലഭിച്ചു. എല്‍ഡിഎഫിലെ തോമസ് കെ. തോമസാണ് ഇവിടെ ജയിച്ചത്. തോറ്റ യുഡിഎഫിനും ഇവിടെ വോട്ടുവിഹിതമുയര്‍ത്താനായി. കഴിഞ്ഞതവണ 45,223 വോട്ടുകിട്ടിയ സ്ഥാനത്ത് ഇക്കുറി 51,863 വോട്ടുകിട്ടി.

അരൂര്‍ എല്‍ഡിഎഫ് തിരിച്ചുപിടിച്ചെങ്കിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകുറഞ്ഞു. 84,720 വോട്ടുകിട്ടിയ സ്ഥാനത്ത് 75,617 വോട്ടാണ് ഇത്തവണ കിട്ടിയത്. യുഡിഎഫ് വോട്ടുവിഹിതത്തില്‍ 22,403 വോട്ടിന്റെ വര്‍ധനയുണ്ടാകുകയും ചെയ്തു.

ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചിട്ടും യുഡിഎഫിനു വോട്ടുകുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 3,212 വോട്ടിന്റെ കുറവാണുണ്ടായത്. എല്‍ഡിഎഫ് 57,359 വോട്ടില്‍നിന്ന് 59,102 വോട്ടായി വിഹിതം ഉയര്‍ത്തുകയും ചെയ്തു. എന്‍ഡിഎയുടെ വോട്ടുവിഹിതവും ഉയര്‍ന്നു. 12,985 വോട്ടില്‍നിന്ന് 17,890 വോട്ടായാണുയര്‍ന്നത്.

മാവേലിക്കര എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞതവണത്തെക്കാള്‍ വോട്ടുകുറഞ്ഞു. 74,555 വോട്ടുകിട്ടിയ സ്ഥാനത്ത് ഇത്തവണ 71,743 വോട്ടേ ലഭിച്ചുള്ളൂ. യുഡിഎഫ് വോട്ടുകള്‍ 43,013ല്‍നിന്ന് 47,026 ആയി ഉയരുകയുംചെയ്തു. എന്‍ഡിഎയ്ക്ക് ഇവിടെ നേരിയ നേട്ടം ഉണ്ടായി. കഴിഞ്ഞതവണ 30,929 വോട്ടുലഭിച്ചപ്പോള്‍ ഇക്കുറി 30,955 വോട്ടുകിട്ടി.

കായംകുളത്ത് എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ വോട്ടുവിഹിതം ഉയര്‍ന്നു. 72,956 വോട്ടുകിട്ടിയസ്ഥാനത്ത് ഇത്തവണ 77,348 വോട്ടുലഭിച്ചു. 4,392 വോട്ടിന്റെ വര്‍ധന. യുഡിഎഫിന്റെ വോട്ടുവിഹിതവും ഉയര്‍ന്നു. 61,099ല്‍നിന്ന് 71,050 ആയാണ് യു.ഡി.എഫ്.വോട്ടുയര്‍ന്നത്.