ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ എന്‍.എസ്.എസിനുമേല്‍ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരന്‍ നായര്‍ ആക്രമിക്കപ്പെടുന്നത്.

സുകുമാരന്‍ നായരടക്കം ആര്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ പറയാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ കടകംപള്ളിയുടെയും മറ്റ് നേതാക്കളുടെയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിന്റെ തെളിവാണ് എന്‍.എസ്.എസിനു മേലുള്ള ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടത് വിജയമെന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം. തീവ്ര മുസ്ലീം, ജിഹാദി സംഘടനകളുടെ രാഷ്ട്രീയ, സാമ്ബത്തിക പിന്തുണയില്‍ നേടിയ വിജയം സിപിഎമ്മിനെ ലഹരിപിടിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസികള്‍ക്കും ആചാരങ്ങള്‍ക്കും മേല്‍ വരാനിരിക്കുന്ന കടന്നാക്രമണങ്ങളുടെ തുടക്കമാണ് സുകുമാരന്‍ നായരുടെ മേല്‍ നടത്തുന്നത്. ഇത് തുറന്നു പറയുന്ന തന്നെ വര്‍ഗീയ വാദിയായി ചിത്രീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നത് കോണ്‍ഗ്രസായിരിക്കുമെന്ന് അറിയമെന്നും മന്ത്രി പറഞ്ഞു.

കാലങ്ങളായി പാലു കൊടുത്ത കയ്യില്‍ ചിലര്‍ കടിച്ചതാണ് കേരളത്തിലെ ദയനീയ പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസും തിരിച്ചറിയണം. ഇനിയെങ്കിലും മുസ്ലീം സഹോദരങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്ന വിഷലിപ്ത രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തയാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.