കൊല്‍ക്കത്ത: ബംഗാളില്‍ ഇരുന്നൂറിലധികം സീറ്റ് നേടിയെങ്കിലും പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുടെ നന്ദിഗ്രാമിലെ പരാജയം തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. രണ്ടായിരത്തോളം വോട്ടുകള്‍ക്കായിരുന്നു ബിജെപിയുടെ സുവേന്ദു അധികാരിയോട് നന്ദിഗ്രാമില്‍ പരാജയപ്പെട്ടത്. തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ലഭിച്ച സാഹചര്യത്തില്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഭരണഘടനാപരമായി മമതയ്ക്ക് മുന്നില്‍ ചില വഴികളുണ്ട്. സംസ്ഥാനനിയമസഭയില്‍ അംഗമല്ലാതെ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്നവരും രാജ്യത്തുണ്ട്.

മൂന്നുപതിറ്റാണ്ടായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. എന്നാല്‍ നിയമസഭാ കൗണ്‍സിലുകളില്‍ അംഗമാണ് ഇരുവരും. ബിഹാറിനും മഹാരാഷ്ട്രയ്ക്കും രണ്ട് സഭകളുണ്ടെങ്കിലും ബംഗാളില്‍ ഇതില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ആറു മാസത്തിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം.

ഇതിനായി ഏതെങ്കിലും കാരണത്താല്‍ തെരഞ്ഞെടുപ്പ് നടക്കാത്ത മണ്ഡലങ്ങളിലോ, ഒഴിവുള്ള സീറ്റിലോ മത്സരിക്കാം. പാര്‍ട്ടിയുടെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിലെ എംഎല്‍എയോട് മാറിക്കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. ആറുമാസത്തിനകം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പറയുന്നു. നന്ദിഗ്രാമിലെ ജനവിധി അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ മമത ഒരുങ്ങിയാല്‍ അത് മുഖ്യമന്ത്രിക്കസേരയിലെത്താനുള്ള കുറുക്കുവഴിയായി വ്യാഖ്യാനിക്കപ്പെടും.