പേറ്റന്റുള്ള കൊവിഡ് വാക്സിന്റെ സാങ്കേതികവിദ്യ സൗജന്യമായി പങ്കുവയ്ക്കുന്നതിനെതിരെ ബില്‍ ഗേറ്റ്സ്. തദ്ദേശീയമായി വാക്സിന് നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി വാക്സിന്റെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനെതിരെയാണ് ബില്‍ ഗേറ്റ്സ് രംഗത്തെത്തിയിരിക്കുന്നത്. വാക്സിന്റെ ഫോര്‍മുലയും നിര്‍മ്മാണ രീതിയും യുഎസിനല്ലാതെ മറ്റാര്‍ക്കും നല്‍കരുതെന്നാണ് ബില്‍ ഗേറ്റ്സിന്റെ വാദം.
ലോകത്തില്‍ വാക്സിന് നിര്‍മ്മാണത്തിനുള്ള ഫാക്ടറികള്‍ കുറവാണ്. ആവശ്യത്തിന് വിദഗ്ധരില്ലാതെ സാങ്കേതിക വിദ്യ കൈമാറുന്നത് ഗുണകരമാകില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്സിന് ഫോര്‍മുലയും സാങ്കേതികവിദ്യയും നല്കുന്നതിനോടും ബില്ലിന് അനുകൂലനിലപാടല്ല ഉള്ളത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും ആസ്ട്രാ സെനക്കയും ചേര്‍ന്നുള്ള കൊവിഡ് വാക്സിന്റെ ഗവേഷണത്തില്‍ സഹകരിച്ചിരുന്നു. ലോകത്തിലെ വാക്സിന് വിതരണം സംബന്ധിച്ച് ഇത് ആദ്യമായല്ല ബില്‍ ഗേറ്റ്സ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
കൊവിഡിന് പിന്നാലെ ബില്‍ ഗേറ്റ്സ് വാക്സിന് സംബന്ധിയായി വലിയ ലാഭമുണ്ടാക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വാക്സിന് ഉപയോഗിച്ചുള്ള ബിസിനസ് സാധ്യതകളില്‍ ബില്‍ ഗേറ്റ്സ് കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കുന്നതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. വാക്സിന് വിതരണത്തിനുള്ള ലൈസന്‍സ് നല്കുന്നതില് നിയന്ത്രണത്തിന് കാരണം ബില്‍ ഗേറ്റ്സിന്റെ ഇടപെടലാണെന്നും ആരോപണമുണ്ട്.