കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥീരീകരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കേട്ടത്.ഇതിനു പിന്നാലെ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യരും വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസയുമായി ആര്‍.സി.ബി ടീം രംഗത്തെത്തി.

ട്വിറ്ററില്‍ ഇന്നത്തെ മത്സരം മാറ്റിവെച്ചതായി അറിയിച്ച്‌ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ആര്‍.സി.ബി ഇരുവര്‍ക്കും ആശംസയറിയിച്ചത്.തിങ്കളാഴ്ച ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ കൊല്‍ക്കത്തയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവെച്ചിട്ടുണ്ട്.ഇതാദ്യമായാണ് ഐ.പി.എല്‍ നടക്കുന്നതിനിടെ കളിക്കാര്‍ കോവിഡ് ബാധിതരാകുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.