തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ എല്ലാം തകിടം മറിഞ്ഞു. സിറ്റിംഗ് സീറ്റായ നേമം കൂടി നഷ്ടപ്പെട്ടതോടെ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. ബിജെപിയുടെ തോല്‍വിയിലേക്ക് നയിച്ചതിന് പിന്നില്‍ ഒ രാജഗോപാലിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് ഒരുവിഭാഗം നേതാവിന് എതിരെ തിരിഞ്ഞിരിക്കുന്നത്.

‘ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മതിദായര്‍ക്ക് ഒരായിരം നന്ദി…ജനവിധിയെ മാനിക്കുന്നു. തോല്‍വിയെ സംബന്ധിച്ച്‌ പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച്‌ കരുത്തോടെ മുന്നോട്ടുപോകും…’എന്നായിരുന്നു രാജഗോപാലിന്റെ പോസ്റ്റിലാണ് അധിക്ഷേപ വര്‍ഷം

read also : വീണിടത്തു നിന്നു വീണ്ടെടുക്കും, ജനങ്ങള്‍ക്കിടയിലേക്ക് കോണ്‍ഗ്രസ്സിനെ തിരികെ കൊണ്ടുവരുമെന്ന് പി സരിന്‍

ഈ പോസ്റ്റിന് താഴെ രൂക്ഷ ഭാഷയിലുള്ള പ്രതികരണങ്ങളാണ് രംഗത്തുള്ളത്. ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ, നാമം ജപിച്ച്‌ മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

നേമത്ത് ബിജെപിക്ക് വിജയ സാധ്യതയില്ല എന്ന തരത്തിലുള്ള ഒ രാജഗോപാലിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചു എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത കാരണമാണ് എന്നും കെ മുരളധീരനെയും പിണറായി വിജയനെയും പ്രശംസിച്ചുമൊക്കെ രാജഗോപാല്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതെല്ലാം ബിജെപിയുടെ തോല്‍വിയ്ക്ക് കാരണമായി എന്നാണു സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്