തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ച ഫലമാണ് വന്നത് എന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് യാതൊരു തടസവുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ വൈകാതെയുണ്ടാകും. ഈ മാസം ഏഴിനോ അല്ലെങ്കില്‍ പത്തിനോ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പത്തിന് നടക്കാനാണ് സാധ്യത കൂടുതല്‍. 9 വരെ കടുത്ത കൊറോണ ജാഗ്രതാ നിര്‍ദേശങ്ങളുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ തന്നെ തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും. പിന്നീട് കാവല്‍ മുഖ്യമന്ത്രിയായി തുടരും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി വിജയികളെ പ്രഖ്യാപിച്ച്‌ വിജ്ഞാപനം ഇറക്കിയാല്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് സഭാ കക്ഷി നേതാവായി പിണറായി വിജയനെ തിരഞ്ഞെടുക്കും. അദ്ദേഹം സര്‍ക്കാര്‍ രൂപീകരണ അവകാശവുമായി ഗവര്‍ണറെ കാണും. ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ സത്യപ്രതിജ്ഞ നടക്കും.

വിജയികളുടെ വിജ്ഞാപനം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നത്. നാലാം തിയ്യതി മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമാണ്. കൊറോണ വ്യാപനത്തിന്റെ സഹാചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. ഈ മാസം ഒമ്ബത് വരെയാണ് കടുത്ത നിയന്ത്രണമുള്ളത്. ഒരുപക്ഷേ അതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞ. ചൊവ്വാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കും. പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തിലുണ്ടാകും. വകുപ്പ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളും നടന്നേക്കും. വളരെ വേഗത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് വിവരം. ലളിതമായ ചടങ്ങ് മാത്രമാകും സംഘടിപ്പിക്കുക. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ വെള്ളിയാഴ്ചയാണ് അധികാരമേല്‍ക്കുക.