ദിസ്പുര്‍ | അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുണ്‍ ബോറ രാജിവെച്ചു. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജ്യസഭാ എം പി കൂടിയായ ബോറയുടെ രാജി. ബി ജെ പിയുടേയും ആര്‍ എസ് എസിന്റേയും വര്‍ഗിയ രാഷ്ട്രീയത്തിന് മുന്നില്‍ ഞങ്ങളുടം പോരാട്ടം ഫലം കണ്ടില്ല. അതില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. പരാജയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ടെന്നും ബോറ രാജി കത്തില്‍ പറഞ്ഞു.
ബി ജെ പിയുടെ സിറ്റിംഗ് എം എല്‍ എയായ ഉത്പല്‍ ബോറിനെതിരെ മത്സരിച്ച ബോറ ഗോപൂര്‍ മണ്ഡലത്തില്‍ നിന്നും 29,294 വോട്ടിനാണ് പരാജയപ്പെട്ടത്. അധ്യക്ഷ പദവി രാജിവെച്ചെങ്കിലും പാര്‍ട്ടിക്ക് വേണ്ടി ഇനിയും അഹോരാത്രം പ്രവര്‍ത്തിക്കുമെന്നും ബോറ കൂട്ടിച്ചേര്‍ത്തു.

അസമില്‍ 95 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 29 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ബി ജെ പി 60 സീറ്റുകള്‍ നേടി അധികാരത്തിലെത്തി.