മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി നടേശന്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്നാക്കക്കാരെ പിറകില്‍ നിന്ന് കുത്തി. വിദ്യാഭ്യാസ മേഖലയിലെ മുന്നാക്ക സംവരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗനാദത്തിലെ മുഖപ്രസംഗത്തിലാണ് പിണറായി സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചിരിക്കുന്നത്.

ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ രാജ്യത്തിന്‍റെ തനത് സംസ്കാരത്തിന്‍റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്. ജാതി സംവരണം ദാരിദ്ര്യലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. ചരിത്രപരമായ നെറികേടുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ബാദ്ധ്യതയില്‍ നിന്ന് രാജ്യത്തിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. കേവലം വോട്ടു ബാങ്കെന്ന അപ്പക്കഷ്ണത്തിനായി പിണറായി സര്‍ക്കാര്‍ ചെയ്യുന്ന ദ്രോഹം വലിയൊരു സമൂഹം ഒരു കാലത്തും മറക്കാന്‍ പോകുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

യോഗനാദത്തിലെ മുഖപ്രസംഗത്തിന്‍റെ പൂര്‍ണരൂപം

പിന്നാക്ക ജനവിഭാഗം നൂറ്റാണ്ടുകള്‍ അനുഭവിച്ച അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ സ്വതന്ത്ര ഇന്ത്യയുടെ ശില്പികള്‍ ആവിഷ്കരിച്ചതാണ് സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജനസംഖ്യാനുപാതികമായി അവര്‍ക്ക് ലഭിക്കണമെന്ന നീതിശാസ്ത്രം ജനകോടികള്‍ക്ക് പകര്‍ന്ന പ്രതീക്ഷ ഇനിയും ഫലവത്തായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിന് ഉദാഹരണമാണ് കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് നടന്നുകയറാന്‍ ഒരാള്‍ക്ക് 2019 വരെ കാക്കേണ്ടി വന്നു എന്ന സത്യം. വയനാട്ടിലെ ആദിവാസികുടിയിലെ ഇല്ലായ്മയില്‍ നിന്ന് സ്വന്തം കഴിവുകൊണ്ട് പൊതുവിഭാഗത്തിലാണ് ശ്രീധന്യ എന്ന പെണ്‍കുട്ടി അത് നേടിയെടുത്തതെന്ന കാര്യം സാമ്ബത്തിക സംവരണവാദികള്‍ സൗകര്യപൂര്‍വം മറക്കുകയുമരുത്.

സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല. അര്‍ഹമായ പങ്കാളിത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥതലങ്ങളിലും വിദ്യാഭ്യാസ പദ്ധതികളിലും എന്നു ലഭിക്കുന്നുവോ അന്ന് അവസാനിപ്പിക്കേണ്ടതുമായിരുന്നു. ആ ലക്ഷ്യം സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ടായിട്ടും സാക്ഷാത്കരിക്കാനായില്ലെന്ന സത്യത്തിന്റെ നേര്‍ക്ക് കണ്ണടച്ച്‌ നില്‍ക്കുകയാണ് ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപാര്‍ട്ടികളുമെല്ലാം. മനുഷ്യത്വരഹിതമായ ജാതിവിവേചനങ്ങള്‍ക്ക് ഇരകളാണ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗങ്ങള്‍. അവര്‍ക്ക് പൊതുധാരയിലേക്കെത്താനുള്ള ഏക മാര്‍ഗമാണ് സംവരണം.

ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ രാജ്യത്തിന്റെ തനത് സംസ്കാരത്തിന്റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്. ജാതി സംവരണം ദാരിദ്ര്യലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. ചരിത്രപരമായ നെറികേടുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ബാദ്ധ്യതയില്‍ നിന്ന് രാജ്യത്തിന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മുന്നാക്ക വിഭാഗത്തിലെ ദരിദ്രര്‍ക്കെന്ന പേരില്‍ സാമ്ബത്തിക സംവരണം എന്ന അനീതി ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെകൊണ്ടുവരുന്നതും അതിനും മുമ്ബേ കേരളത്തിലെ ഇടതുസര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമവിരുദ്ധമായി നടപ്പില്‍വരുത്താന്‍ ശ്രമിച്ചതും. 96 ശതമാനവും സവര്‍ണ വിഭാഗക്കാര്‍ ജോലി ചെയ്യുന്നിടത്ത് ഇവര്‍ക്കായി വീണ്ടും പത്തുശതമാനം സംവരണം പ്രഖ്യാപിച്ചത് പിന്നാക്കവിഭാഗക്കാരോട് ഇടതുസര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ ചതിയായിരുന്നു. കേവലം വോട്ടു ബാങ്കെന്ന അപ്പക്കഷ്ണത്തിനായി ഇവര്‍ ചെയ്യുന്ന ദ്രോഹം വലിയൊരു സമൂഹം ഒരു കാലത്തും മറക്കാന്‍ പോകുന്നില്ല.

ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പോലും സാമ്ബത്തിക സംവരണം നടപ്പാക്കിയിട്ടില്ല. എന്നിട്ടും കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അവര്‍ക്ക് കരുത്തുപകരുന്ന പിന്നാക്കക്കാരെ പിന്നില്‍ നിന്ന് തന്നെ കുത്തി. ഇക്കൊല്ലത്തെ പ്ളസ് ടൂ, പ്രൊഫഷണല്‍ കോഴ്സ് പ്രവേശനങ്ങളില്‍ തെളിയുന്നത് സാമ്ബത്തിക സംവരണമെന്ന ദുര്‍ഭൂതം പിന്നാക്കക്കാര്‍ക്ക് എങ്ങിനെ വിനാശകരമാകുമെന്നതാണ്. വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ ഏറ്റവുമധികം സംവരണം ലഭിക്കുന്ന വിഭാഗങ്ങളിലൊന്നായി കേരളജനസംഖ്യയില്‍ 20 ശതമാനം പോലുമില്ലാത്ത മുന്നാക്കക്കാര്‍ മാറിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. സര്‍ക്കാരാണോ, ഉദ്യോഗസ്ഥതലങ്ങളിലെ മുന്നാക്ക ചാണക്യന്മാരാണോ ഇതിന് പിന്നിലെന്ന് മാത്രമേ അറിയാനുളള്ളൂ. പൊതുവിഭാഗത്തില്‍ നിന്ന് പത്ത് ശതമാനമാകും സാമ്ബത്തിക സംവരണം എന്നു പറഞ്ഞ ശേഷം നടപ്പാക്കിയപ്പോള്‍ മൊത്തം സീറ്റിലെ പത്ത് ശതമാനമാക്കിയത് നിഷ്കളങ്കമായ ഒരു തെറ്റായി കാണാന്‍ കഴിയില്ല.

ഇത്രയും കാലം സംവരണവിരുദ്ധര്‍ പറഞ്ഞിരുന്നത് തങ്ങളേക്കാള്‍ യോഗ്യതയും മാര്‍ക്കും റാങ്കും തീരെ കുറഞ്ഞവര്‍ തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ അപഹരിക്കുന്നുവെന്നാണ്. ഇപ്പോള്‍ കേരളത്തിലെ പ്ളസ് ടൂ, പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനം പൂര്‍ത്തിയാകുമ്ബോള്‍ റാങ്ക് ലിസ്റ്റില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന സവര്‍ണദരിദ്രര്‍ പിന്നാക്കക്കാരെ നോക്കുകുത്തിയാക്കി അഡ്മിഷന്‍ സ്വന്തമാക്കുന്ന കാഴ്ചയാണ്. ദാരിദ്ര്യത്തിന് ജാതിയോ മതമോ ഇല്ല. പാവപ്പെട്ടവനെ സഹായിക്കുന്നതിനെ ഞങ്ങളാരും എതിര്‍ക്കുന്നുമില്ല. പക്ഷേ ജാതിയാല്‍ ദരിദ്രനായവനെ ശാക്തീകരിക്കണമെങ്കില്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും അനിവാര്യമാണ്. സര്‍ക്കാര്‍, സ്വകാര്യ ഉദ്യോഗങ്ങളില്‍ സിംഹഭാഗം കൈവശവുമുള്ളതും ഉയര്‍ന്ന സാമൂഹിക അംഗീകാരം തലമുറകളായി അനുഭവിക്കുന്നവരുമായ സവര്‍ണരിലെ പാവപ്പെട്ടവര്‍ക്ക് മറ്റ് സാമ്ബത്തിക പദ്ധതികളിലൂടെ പിന്തുണ നല്‍കുകയാണ് നീതി. അതിന് പകരം വളഞ്ഞ വഴിയിലൂടെ സാമ്ബത്തിക സംവരണമെന്ന നുകം കൂടി പിന്നാക്കക്കാരുടെ മുതുകില്‍ വച്ചുകെട്ടുന്നത് അപരിഹാര്യമായ തെറ്റായി പരിണമിക്കും. കാലം അതു തെളിയിക്കുമെന്ന് ഉറപ്പാണ്. തിരുത്തലുകള്‍ക്ക് ഇനിയും അവസരമുണ്ട്. അത് പാഴാക്കില്ലെന്ന് പ്രത്യാശിക്കാം.