കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയെങ്കിലും ചില കരടുകള്‍ വിജയത്തിന്റെ മേന്മ കുറയ്ക്കുന്നുണ്ട്. അതില്‍ ഒന്നാണ് മമത ബാനര്‍ജിയുടെ നന്ദിഗ്രാമിലെ തോല്‍വി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിലെ ഏറ്റവും വലിയ സംഭവം എന്ന് പറയുന്നത് നന്ദിഗ്രാം ആണ്. ബിജെപിയുടെ വ്യക്തിഗത പോരാട്ടങ്ങളില്‍, ഏറ്റവും വലിയ വിജയവും നന്ദിഗ്രാം ആണ്.

അവിടെ സുവേന്ദു അധികാരി മമത ബാനര്‍ജിയെ ഒരു ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി. ഇതിനൊപ്പം വാര്‍ത്ത പ്രാധാന്യമുള്ള ഒന്നാണ് പശ്ചിമ ബംഗാളിന് സംഭവിച്ച രാഷ്ട്രീയ മാറ്റത്തെ ഉള്‍ക്കൊള്ളുന്ന മറ്റൊരു നിയോജകമണ്ഡലത്തിലെ വിജയം. നക്സല്‍ബാരിയിലെ ബിജെപിയുടെ വിജയമാണ് ഇത്. ചുവപ്പ് മങ്ങി കാവിയായ കഥയാണ് ഇവിടെ പറയാനുള്ളത്.

മാവോയിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിട്ട നക്സല്‍ബാരിയില്‍ ബിജെപി ഒരു ബുദ്ധിമുട്ടുമില്ലാതെ വിജയിച്ചു. തൃണമൂല്‍ ഇവിടെ രണ്ടാമതെത്തുകയും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായിട്ടും വിരോധാഭാസമെന്നു പറയട്ടെ, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആനന്ദമയ് ബര്‍മന്‍ ആണ് ഇവിടെ വിജയിച്ചത്.