കൊല്ലം: കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബാലകൃഷ്ണപ്പിളളയുടെ മകന്‍ കെ.ബി.ഗണേഷ് കുമാറാണ് മരണവാര്‍ത്ത അറിയിച്ചത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമന്‍ പിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച്‌ എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എം.ജി. കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കേ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനരംഗത്തെത്തി.
തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയനില്‍(പിന്നീട് തിരുകൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്‍) പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ അണിചേര്‍ന്ന് കെപിസിസി – എ.ഐ.സി.സി
എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ അംഗമായി. 1964 ല്‍ കെ.എം.ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസിന് രൂപം നല്‍കി കോണ്‍ഗ്രസ് വിട്ടിറങ്ങിയ 15 നിയമസഭാംഗങ്ങളില്‍ ഒരാളായി.

ജോര്‍ജ് ചെയര്‍മാനായ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സംസ്ഥാന കമ്മിറ്റി ഭാരവാഹികളില്‍ ജീവിച്ചിരുന്നവരില്‍ അവസാനത്തെയാള്‍ കൂടിയായിരുന്നു

1976-ല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്ന് കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിളരുകയും 1977-ല്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് ബി രൂപവത്കരിക്കുകയും ചെയ്തു. പിന്നീട് എല്‍.ഡി.എഫിനൊപ്പ(1977-1982)വും യു.ഡി.എഫിനൊ(1982-2015)പ്പവും പ്രവര്‍ത്തിച്ചു. നിലവില്‍ എല്‍.ഡി.എഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് ബി.

1975-ല്‍ സി.അച്യുത മേനോന്‍ സര്‍ക്കാരിലാണ് ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത്. ഗതാഗതം, എക്‌സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതലയായിരുന്നു ലഭിച്ചത്. തുടര്‍ന്ന് 1980-82, 82-85,86-87 വര്‍ഷങ്ങളില്‍ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവില്‍ ഗതാഗത വകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ മാവേലിക്കരയില്‍നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇ.കെ. നായനാര്‍, കെ. കരുണാകരന്‍, എ.കെ.ആന്റണി മന്ത്രിസഭകളിലായി അഞ്ചുവട്ടം കൂടി മന്ത്രിയായി ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. ‘പഞ്ചാബ് മോഡല്‍ പ്രസംഗം’ എന്ന പേരില്‍ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യവും ഇതിനിടെ അദ്ദേഹത്തിനുണ്ടായി

1960,1965,1977,1980,1982,1987,1991,2001 വര്‍ഷങ്ങളില്‍ കേരള നിയമസഭാംഗമായിരുന്നു. 2006-ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നത്. കൊട്ടാരക്കരയിലെ സിറ്റിങ് എം.എല്‍.എ. ആയിരുന്ന ബാലകൃഷ്ണപിള്ള പക്ഷെ, സി.പി.എമ്മിന്റെ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു. 2017-ല്‍ കേരള മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു.

വിവാദച്ചുഴികള്‍ നിറഞ്ഞതായിരുന്നു പിള്ളയുടെ രാഷ്ട്രീയജീവിതം. വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.

1982-87ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാര്‍, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി കൂടിയായി ഇതോടെ പിളള. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുംമുന്‍പ് കേരളപ്പിറവിയോട് അനുബന്ധിച്ച്‌ ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാര്‍ക്കൊപ്പം ജയില്‍മോചിതനായി.

കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരില്‍ സംസ്‌ഥാനത്തു അയോഗ്യനാക്കപ്പെട്ട ഏക എംഎല്‍എയും അദ്ദേഹമാണ്. 1964 മുതല്‍ 87 വരെ തുടര്‍ച്ചയായി ഇടമുളയ്‌ക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും 1987 മുതല്‍ 95 വരെ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മന്ത്രി ആയിരിക്കുമ്ബോഴും പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിച്ചു.

1980ല്‍ ഇടതുമുന്നണിയുടെ ഭാഗമായി ജനവിധി തേടിയ അദ്ദേഹത്തിന് കിട്ടിയ 37,000 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭയിലെ ചരിത്രം കുറിച്ച റെക്കോര്‍ഡായി കുറെ കാലം നിലനിന്നു. 1982 ലാണ് വീണ്ടും യുഡിഎഫിലെത്തിയത്.

‘പ്രിസണര്‍ 5990’ എന്ന പേരില്‍ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്. അണിചേരുന്ന മുന്നണികള്‍ക്കുപരി വ്യത്യസ്തമാര്‍ന്ന നിലപാടുകള്‍ ഉറപ്പിക്കുന്ന അഭിപ്രായപ്രകടനവുമായി കേരളരാഷ്ട്രീയത്തിലെ ഒറ്റയാനായി നിലകൊണ്ട രാഷ്ട്രീയ നേതാവ് കൂടിയാണ് ബാലകൃഷ്ണപിള്ള. 2018 ല്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്(ബി) വീണ്ടും എല്‍ഡിഎഫിലെത്തി.

രാഷ്ട്രീയത്തിനു പുറമെ സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട് ആര്‍. ബാലകൃഷ്ണപിള്ള. ‘ഇവളൊരു നാടോടി’ എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണപിള്ള സിനിമയില്‍ മുഖം കാണിക്കുന്നത്.

കലാനിലയം കൃഷ്ണന്‍ നായര്‍ നിര്‍മിച്ച ‘നീലസാരി’യിലും ചെറിയ വേഷത്തിലെത്തി.

1980ല്‍ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കെ.എ. ശിവദാസ് സംവിധാനം ചെയ്ത് സുകുമാരന്‍ നായകനായ ‘വെടിക്കെട്ടി’ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. ‘വെടിക്കെട്ടി’ല്‍ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. പിന്നീടും സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തിയെങ്കിലും രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കാനായിരുന്നു പിള്ളയുടെ തീരുമാനം

പരേതയായ ആര്‍ വത്സലയാണ് ബാലകൃഷ്ണപിള്ളയുടെ ഭാര്യ. സിനിമാനടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍, ഉഷ മോഹന്‍ദാസ്, ബിന്ദു എന്നിവരാണ് മക്കള്‍.

മരുമക്കള്‍: കെ.മോഹന്‍ദാസ് (മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് ( ദുബായ്), ടി.ബാലകൃഷ്ണന്‍ ( മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി).