സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണെന്നും വസ്തുതകള്‍ കൂടുതല്‍ പഠിച്ച്‌ പ്രതികരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിജയത്തോടെ സര്‍ക്കാരിന്റെ കൊള്ളരുതായ്മയും അഴിമതിയും ഇല്ലാതായെന്ന് ആരും കരുതേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജനവിധി അംഗീകരിക്കുന്നു. പരാജയം അപ്രതീക്ഷിതം. പരാജയം ഉണ്ടാവുമെന്ന് കരുതുന്നില്ല. പരാജയകാരണം വിലയിരുത്തും. എവിടെയാണ് പാളിച്ച സംഭവിച്ചതെന്നും വിലയിരുത്തും. യു.ഡി.എഫ് യോഗം ചേര്‍ന്ന മറ്റ് നടപടിയുമായി മുന്നോട്ട് പോകും. ഇടതുപക്ഷ സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും ഞങ്ങള്‍ എടുത്തുകാട്ടി. അത് ഇല്ലാതായെന്ന് ആരും കരുതണ്ട. തീര്‍ച്ചയായും ജയിച്ചുവന്ന എല്ലാവരേയും അഭിനന്ദിക്കുന്നു. വസ്തുകള്‍ പഠിച്ച്‌ പ്രതികരിക്കും. ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ വസ്തുതയായിരുന്നു. സര്‍ക്കാരിന് തന്നെ തിരിത്തേണ്ടി വന്നു. അതാണ് പ്രതിപക്ഷത്തിന്റെ കടമ.’ രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ആലപ്പുഴ ജില്ലയില്‍ നിന്നും ജയിച്ച ഒരേയൊരു യു.ഡി.എഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തലയാണ്. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍നിന്നും 12,376 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല വിജയിച്ചത്.