തിരുവനന്തപുരം: നേമത്ത് ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് കെട്ടിയിറക്കിയ ശക്തനായ സ്ഥാനാര്‍ത്ഥാണ് കെ മുരളീധരന്‍. ബിജെപി തോറ്റെങ്കിലും മുരളി മൂന്നാം സ്ഥാനത്തായി. ലോകസഭ അംഗമായിരിക്കെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യത്തെ ആളെന്ന പദവിക്കും അര്‍ഹനായി. മന്ത്രി സ്ഥാനത്തിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ഏക നേതാവ് എന്ന പദവിക്കൊപ്പമാണ് ഇതും മുരളിക്ക് സ്വന്തമായത്.

സഹോദരി പത്മജ വേണുഗോപാല്‍ തൃശ്ശൂരില്‍ തോറ്റതോടെ കൂട്ടതോല്‍വി ഏറ്റുവാങ്ങുന്ന കൂടപ്പിറപ്പെന്ന പദവിക്കും മുരളീധരന്‍ ഉടമയായി. നേരത്തെ പിതാവിനൊപ്പം കൂട്ടത്തോല്‍വിയുടെ വിഷമവും മുരളി അനുഭവിച്ചിട്ടുണ്ട്.

കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും ഒന്നിച്ച്‌ രണ്ടാം തവണയാണ് നിയമസഭയിലേക്ക് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞതവണ മുരളി വട്ടിയൂര്‍ക്കാവില്‍ ജയിച്ചപ്പോള്‍ പത്മജ തൃശ്ശൂരില്‍ തോറ്റു. 2004 ല്‍ ഇരുവരും ഒന്നിച്ചൊന്നു തോറ്റിട്ടുണ്ട്. മുകുന്ദപുരത്തുനിന്ന് പത്മജ ലോകസഭയിലേക്കും മുരളീധരന്‍ വടക്കാഞ്ചേരില്‍ നിന്ന് നിയമസഭയിലേക്കും തോറ്റു. 1996ല്‍ ലോകസഭയിലേക്ക് കോഴിക്കോട് മുരളിയും തൃശ്ശൂരില്‍ കരുണാകരനും തോറ്റു. ജയവും തോല്‍വിയും പുത്തരിയല്ലാത്ത മുരളീധരന്‍ മൂന്നാംസ്ഥാനക്കാരനാകുന്നത് രണ്ടാം തവണ. 2009 ല്‍ ലോകസഭ മത്സരത്തില്‍ വയനാട് മൂന്നാം സ്ഥാനത്തായിരുന്നു.