കാസര്‍കോട്: മഞ്ചേശ്വരത്തും കോന്നിയിലും താമര വിരിയിക്കാന്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കഴിയാതെ പോയി. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനവും കോന്നിയില്‍ മൂന്നാം സ്ഥാനവുമാണ് അദ്ദേഹത്തിന് കിട്ടിയത്.

മഞ്ചേശ്വരം ബി ജെ പിയെ സംബന്ധിച്ച്‌ ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നായിരുന്നു. പല സര്‍വേകളും സുരേന്ദ്രന്‍ ജയിച്ചുകയറുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എകെഎം അഷറഫ് 700 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ഇത് ആദ്യ തവണയല്ല സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടകള്‍ക്കായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിബി അബ്ദുള്‍ റസാഖിനോട് കെ സുരേന്ദ്രന്‍ തോറ്റത്. അബ്ദുള്‍ റസാഖ് എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ മഞ്ചേശ്വരത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രവീശതന്ത്രി കുണ്ടാറിനെ മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍ 7923 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

രണ്ട് മണ്ഡലത്തില്‍ മത്സരിച്ചതാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന് തിരിച്ചടിയായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇരു മണ്ഡലങ്ങളിലും പ്രചരണം നടത്തുന്നതിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ, കര്‍ഷക വിരുദ്ധ നയങ്ങളും, ഇന്ധന വില വര്‍ധദ്ധനവൊക്കെയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികള്‍ സുരേന്ദ്രനെതിരെ പ്രയോഗിച്ചത്. ദേശീയ നേതാക്കളെവരെ അണിനിരത്തിയിട്ടും ഇത്തവണയും സുരേന്ദ്രന് പരാജയം രുചിക്കേണ്ടി വന്നു.