എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവയ്ക്കുംവിധം തമിഴ്‌നാട് ഭരണം സ്റ്റാലിന്റെ കൈകളിലേക്ക്. പ്രീപോള്‍ സര്‍വേയും എക്‌സിറ്റ് പോള്‍ സര്‍വേയും ഡി.എം.കെ-കോണ്‍ഗ്രസ് കൂട്ടുകെട്ടിനായിരുന്നു ഭരണം വിധിയെഴുതിയിരുന്നത്.
വോട്ടെണ്ണലിന്റെ പകിതിയോളം ശതമാനം പിന്നിടുമ്ബോള്‍ കേവല ഭൂരിപക്ഷത്തിലേക്കാണ് യു.പി.എ കടക്കുന്നത്. ഡി.എം.കെ 111 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലും ലീഗ് ഒരു സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്. കേവല ഭൂരിപക്ഷമായ 118 സീറ്റുകള്‍ മറികടക്കാന്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍ നിലനിര്‍ത്തിയാല്‍ യു.പി.എക്കാകും.
എ.ഐ.എ.ഡി.എം.കെ 78 സീറ്റിലും ബി.ജെ.പി 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കണക്കുകള്‍ ഡി.എം.കെക്ക് അനുകൂലമാകുമ്ബോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച എം.കെ സ്റ്റാലിന്‍ തമിഴകം രാഷ്ട്രീയത്തിന്റെ ഭരണച്ചെങ്കോലേന്തും.
തന്റെ മണ്ഡലമായിരുന്ന തൗസന്റ് ലൈറ്റ്‌സില്‍ നിന്ന് മാറി ഇത്തവണ കൊളത്തൂരിലാണ് സ്റ്റാലിന്‍ മത്സരിച്ചത്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് നല്‍കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ സ്റ്റാലിനും സംഘവും തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മതേതര സംഘടനകളെ പരമാവധി അടുപ്പിച്ചും വോട്ടുകള്‍ ഉറപ്പിച്ചുമാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ , വി.സി.കെ , എം.ഡി.എ എന്നീ പാര്‍ട്ടികളും സ്റ്റാലിന്റെ നയതന്ത്രപാടവത്തില്‍ കൂടെക്കൂടിയപ്പോള്‍ തമിഴകത്ത് വിജയം സുനിശ്ചിതമായിരുന്നു. അതുതന്നെയാണ് സര്‍വേ ഫലങ്ങള്‍ നല്‍കിയ സൂചനകളും.