ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ സംഘടിപ്പിക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തതെന്ന് പാര്‍ട്ടിവക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഇതു പ്രകാരം തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം നടക്കുന്ന ടിവി ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വക്താക്കള്‍ പങ്കെടുക്കില്ല.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിലെ ഫലസൂചനകള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതല്ല. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തില്ലെന്ന് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നു. അസമിലും പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല.

ബംഗാളില്‍ കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികളുമായി രൂപീകരിച്ച സഖ്യം അമ്ബേ പരാജയപ്പെട്ടു. പുതുച്ചേരിയിലും സ്ഥിതി വ്യത്യസ്തമല്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി മുന്നില്‍ കണ്ട് മുന്‍കൂട്ടി എടുത്ത തീരുമാനമാണിതെന്ന നിരീക്ഷണവും ഉയരുന്നുണ്ട്.