മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പാക്കപ്പ് ചിത്രങ്ങള്‍ നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഏഴു ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന അവസാന ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

വളരെ സസ്പെന്‍സ് നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചിത്രത്തിലെ മമ്മൂട്ടിയുടെ പുരോഹിതന്റെ ലുക്കിലുള്ള പോസ്റ്റര്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയപ്പന്‍, ബേബി മോണിക്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.