പത്മരാജന്റെ സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടന്‍ അശോകന്‍. നായകനായും വില്ലനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി അശോകന്‍.

നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ പത്മരാജനാണ് അശോകനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. പെരുവഴിയമ്ബലം എന്ന ചിത്രത്തിലൂടെയാണ് അശോകന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി പ്രശസ്തരായ സംവിധായകര്‍ക്ക് എല്ലാം ഒപ്പം വര്‍ക്ക് ചെയ്യാനുള്ള അപൂര്‍വ്വ ഭാഗ്യവും അശോകന് ലഭിച്ചിരുന്നു. ഇപ്പോള്‍ തന്റെ ആദ്യ ചിത്രം നിര്‍മ്മിച്ച്‌ നിര്‍മ്മാതാവ് പ്രേം പ്രകാശിനോട് സ്നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അശോകന്‍.

പെരുവഴിയമ്ബലത്തിന് ശേഷം പ്രേം പ്രകാശ് നിര്‍മ്മിച്ച ഒരൊറ്റ ചിത്രത്തില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല എന്നതാണ് അശോകന്റെ പരാതി. അശോകന്റെ വാക്കുകളിങ്ങനെ:

പ്രേം പ്രകാശ് ചേട്ടന്‍ നിര്‍മ്മിച്ച്‌ പത്മരാജന്‍ സാര്‍ സംവിധാനം ചെയ്ത പെരുവഴിയമ്ബലം എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. എന്നിലെ നടനെ കണ്ടെടുത്ത പത്മരാജന്‍ സാറിനോടും, പ്രേം പ്രകാശ് ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്.

പത്മരാജന്‍ സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്‍കി. പക്ഷേ പ്രേം പ്രകാശ് ചേട്ടന്‍ പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല. അത് എന്നും അദ്ദേഹത്തോടുള്ള സ്നേഹപൂര്‍വമായ എന്റെ പരാതിയാണ്.

എത്രയോ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച പ്രേം പ്രകാശ് ചേട്ടന്റെ ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയ കാര്യമോര്‍ത്ത് ഞാന്‍ ഇന്നും സങ്കടപ്പെടാറുണ്ടെന്നും അശോകന്‍ പറയുന്നു.