കോട്ടയം: കൊറോണയുടെ അതിവ്യാപനം നടക്കുന്നതിനിടെ ജനങ്ങളെ ഭയപ്പെടുത്തുന്ന വിധത്തില്‍ വ്യാജസന്ദേശങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്സ് ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസില്‍ ഗോപു രാജന്‍ (29)ആണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ദേവയ്യ അറിയിച്ചു. ഇയാള്‍ കടുത്തുരുത്തി സിഫ്‌എല്‍ടിസിയിലെ വളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. നന്‍പന്‍ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.