ന്യൂഡല്‍ഹി : സിഖുകാരുടെ ആരാധനാലയമായ സിസ് ഗഞ്ജ് സാഹിബ് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സിഖുകാരുടെ ആത്മീയഗുരുവായ ഗുരു തേഗ് ബഹദൂറിന്‍റെ 400ാമത് പ്രകാശ് പുരബുമായി ബന്ധപ്പെട്ടുള്ള ചടങ്ങിനിടെയാണ് ശനിയാഴ്ച മോദി പ്രാര്‍ത്ഥനയ്‌ക്കെത്തിയത്. അധികം സുരക്ഷാവലയങ്ങളില്ലാതെയാണ് മോദി ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാരയിലെത്തിയത്. ഗുരുദ്വാരയില്‍ അദ്ദേഹം ദീര്‍ഘനേരം പ്രാര്‍ത്ഥനാനിര്‍ഭരനായി നിന്നു.

400ാമത് പ്രകാശ് പുരബുമായി ബന്ധപ്പെട്ട് ഞാന്‍ ഗുരു തേഗ് ബഹദൂറിന് മുന്നില്‍ നമിക്കുന്നു. താഴേക്കിടയിലുള്ളവരെ സേവിക്കുന്നതിലും തന്റെ അസാമാന്യ ധീരതയാലും ലോകത്താകമാനം ബഹുമാനം നേടിയ വ്യക്തിയാണ് അദ്ദേഹമെന്ന് മോദി പറഞ്ഞു. ഒരിക്കലും പീഢനത്തിനും അനിതീക്കും മുന്നില്‍ അദ്ദേഹം തലകുനിച്ചില്ല. അദ്ദേഹത്തിന്റെ ത്യാഗം പലര്‍ക്കും കരുത്തും പ്രചോദനവും നല്‍കിയെന്നും മോദി ട്വീറ്റ് ചെയ്തു.