മനാമ: അടിയന്തര ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നവര്‍ ആരായിരുന്നാലും അവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ രാജ്യത്തുണ്ടാവരുതെന്ന് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആശുപത്രിയിലെത്തുന്ന രോഗിക്ക് തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് രേഖകളോ ഇല്ലെങ്കിലും അവര്‍ക്ക് ഉടന്‍ ചികില്‍സ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രാലയത്തെ ബഹ്‌റൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

രോഗിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം മാത്രമേ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കേണ്ടതുള്ളൂ എന്നും ആരോഗ്യമന്ത്രാലയം രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കി. ചികിത്സയ്ക്ക് ഫീസ് ഈടാക്കുന്നതിനുള്ള നടപടികളും ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമേ പാടുള്ളൂ.

മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെ അടിയന്തര ചികിത്സയ്ക്കായി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തുന്നവരുടെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ സംശയങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.