ഐപിഎല്ലില്‍ ഏറ്റവുമധികം വിജയങ്ങള്‍ കൊയ്ത ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ അഞ്ചു കിരീടങ്ങള്‍ നേടി മറ്റു ഫ്രാഞ്ചൈസികളേക്കാള്‍ ബഹുദൂരം മുന്നിലാണ് അവര്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ജേതാക്കളായ അവര്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഈ സീസണില്‍ മത്സരിക്കുന്നത്. മുംബൈയുടെ ഈ അവിസ്മരണീയ നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യം എന്താണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സ്കോട്ട് സ്റ്റൈറിസ്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരാനുള്ള മിടുക്കാണ് മുംബൈയെ മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നു മാറ്റിനിര്‍ത്തുന്നതെന്നു സ്റ്റൈറിസ് വിലയിരുത്തി. ‘അമേരിക്കന്‍ സ്പോര്‍ട്സിന്റെ ഒരു വലിയ ആരാധകനാണ് ഞാന്‍. അവിടെ സ്കൗട്ടിങിന് വലിയ റോളാണുള്ളത്. വിജയകരമായ സ്കൗട്ടിങ് സംവിധാനമാണ് അവരുടെ വിജയങ്ങള്‍ക്കു പിന്നില്‍. അതുപോലെ തന്നെയാണ് ഇവിടെ മുംബൈയുടെ കാര്യത്തിലും, പാണ്ഡ്യ സഹോദരന്മാരെ വളര്‍ത്തിക്കൊണ്ടു വന്നത് അവരാണ്. ജസ്പ്രീത് ബുംറയെ കണ്ടെത്തിയത് മറ്റൊരു ഉദാഹരണം. ശക്തമായ സ്കൗട്ടിങ് സംവിധാനമാണ് മുംബൈയുടെ വിജയങ്ങള്‍ക്കു പിന്നില്ലെന്നു ഞാന്‍ 100 ശതമാനവും ഉറച്ചു വിശ്വസിക്കുന്നു’ – സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ മുന്‍ താരം പാര്‍ഥീവ് പട്ടേലിനെ മുംബൈ ഇന്ത്യന്‍സ് സ്കൗട്ടിങ് സംഘത്തിലേക്കു അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. ഈ സീസണില്‍ കമന്റേറ്ററായി പാര്‍ഥീവ് പട്ടേല്‍ നമ്മുടെ കൂടെയുണ്ട്. ഇവിടെയില്ലെങ്കില്‍ അദ്ദേഹം മുംബൈയുടെ സ്കൗട്ടിങ് ചുമതലകള്‍ നടത്തുന്നുണ്ടാവും. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പാര്‍ഥീവ് മുംബൈയ്ക്കായി കളിക്കാരെ തിരയുന്നുണ്ട്. ലോകത്തെ എല്ലാ ലീഗുകളിലും മുംബൈയുടെ സ്കൗട്ടിങ് സംഘം കളിക്കാരെ തിരയുന്നുണ്ട്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വരെ അവര്‍ ഇതു തന്നെയാണ് ചെയ്യുന്നത്. ഇതിനുള്ള മറ്റൊരു ഉദാഹരണമാണ് ദക്ഷിണാഫ്രിക്കയുടെ യുവതാരമായ പേസ് ബൗളര്‍ മാര്‍കോ ജാന്സെന്.
ഈ കാരണങ്ങള്‍ കൊണ്ടാണ് മുംബൈയ്ക്കു മികച്ച താരങ്ങളെ കണ്ടെത്താന്‍ സാധിക്കുന്നത്. വളരെ ശക്തമായ സ്കൗട്ടിങ് സംഘമുണ്ടെങ്കില് മാത്രമേ നിങ്ങള്‍ക്കു സുസ്ഥിരമായ മികവ് പുലര്‍ത്താന്‍ കഴിയൂവെന്നും സ്റ്റൈറിസ് പറഞ്ഞു
ഐപിഎല്ലില്‍ എപ്പോഴും പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ടീമാണ് മുംബൈ. ഈ സീസണിലും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. ആദ്യത്തെ ആറു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും വിജയിക്കാനായത്. എന്നാല്‍ നിര്‍ണായക മല്‍സരങ്ങളില്‍ വിജയം നേടിയെടുക്കാന്‍ അസാധാരണ മിടുക്കാണ് അവര്‍ക്കുള്ളത്. അതുകൊണ്ടു തന്നെ ഇത്തവണയും മുംബൈ ചാംപ്യന്മാരായാല് അദ്ഭുതപ്പെടാനില്ല.
ഇന്ന് നടക്കുന്ന മത്സരത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സാണ് മുംബൈയുടെ എതിരാളി. നിലവില്‍ ആറു പോയിന്റുമായി നാലാംസ്ഥാനത്താണ് മുംബൈയെങ്കില്‍ 10 പോയിന്റുള്ള സിഎസ്കെ പോയിന്റ് ടേബിളിന്റെ തലപ്പത്താണ്. ഈ സീസണിലെ ആദ്യ അഞ്ചു മല്‍സരങ്ങളും മുംബൈ കളിച്ചത് ചെന്നൈയിലായിരുന്നു. ഇവിടുത്തെ സ്ലോ പിച്ചില്‍ അവര്‍ക്കു പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വേദി ഡല്‍ഹിയിലേക്ക് മാറിയതോടെ മുംബൈ താളം വീണ്ടെടുത്തിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാന് റോയല്‍ സിനെതിരെ മുംബൈ ആധികാരിക വിജയമാണ് നേടിയത്. അതേ പ്രകടനം ഇന്നും തുടരാനാണ് അവര്‍ ലക്ഷ്യമിടുക. പ്രത്യേകിച്ചും മത്സരം ചെന്നൈക്കെതിരെ ആണെന്നിരിക്കെ വിജയം ഇരു ടീമുകള്‍ക്കും അവരുടെ ആരാധകര്‍ക്കും അഭിമാന പ്രശ്നം കൂടിയാണ്. ഐപിഎല്ലിലെ ചിരവൈരികളായ ഇരുവരുടെയും തീപാറുന്ന മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും.