കോവിഡ് വ്യാപനകാലത്ത് ഗ്യാസ് ശ്മശാനം തയ്യാറെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിവാദമായതിനെ തുടര്‍ന്ന് ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും പ്രചരിക്കുകയാണ്.

കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ശ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളുമാണ് മേയര്‍ പങ്കിട്ടത്. കോവിഡുമായി ചേര്‍ത്തുവച്ച്‌ പോസ്റ്റിട്ടതോടെയാണ് ഇത് വിവാദമായത്.’രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌ക്കാരത്തിനായി ഉള്ളത്.’ ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് വികസനനേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ നടപടി വന്‍ വിവാദമായി. രോഷം ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിനോടകം സൈബര്‍ ഇടങ്ങളില്‍ മേയറുടെ ഈ വാക്കുകള്‍ ട്രോളര്‍മാരും വിമര്‍ശകരും ഏറ്റെടുത്തുകഴിഞ്ഞു.