യൂറോപ്പ ലീഗ് സെമിഫൈനല്‍ ആദ്യപാദത്തില്‍ റോമയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. രണ്ടിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ തകര്‍പ്പന്‍ ജയം. യുനൈറ്റഡിനായി ബ്രൂണോ ഫെര്‍ണാണ്ടസും എഡിസണ്‍ കാവാനിയും ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ പോഗ്ബയും ഗ്രീന്‍വുഡും ഓരോ ഗോളുകള്‍ നേടി കളം നിറഞ്ഞു. പെല്ലെഗ്രിനിയിടെയും സെക്കോയുടെയും ഗോളില്‍ ആദ്യപകുതിയില്‍ മുന്നില്‍ നിന്ന റോമ, രണ്ടാം പകുതിയില്‍ യുണൈറ്റഡിന് മുന്നില്‍ അടിയറവു പറഞ്ഞു.

മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിനെ വീഴ്ത്തി വിയ്യ റയല്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു വിയ്യായുടെ ജയം. ട്രിഗ്യോറോസ്, ആല്‍ബിയോള എന്നിവര്‍ വിയ്യായ്ക്കായി ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ആഴ്‌സണലിനായി പെനാല്‍റ്റിയിലൂടെ പെപെ ആശ്വാസഗോള്‍ നേടി. അടുത്ത ആഴ്ചയാണ് സെമിയുടെ രണ്ടാം പാദ മത്സരം.