തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്കായി എത്തിച്ച കൊവിഡ് രോഗികള്‍ ചികിത്സ ലഭിക്കാതെ പെരുവഴിയിലായത് മണിക്കൂറുകളോളം. ആശുപത്രിക്ക് മുന്നില്‍ രോഗികളെ എത്തിച്ചെങ്കിലും വാര്‍ഡിലേക്ക് കയറ്റാതെ ആംബുലന്‍സുകളില്‍ തന്നെ പുറത്തിട്ടു.

വിവിധ ആശുപത്രികളില്‍ നിന്ന് കൊവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡി. കോളേജ് ആശുപത്രിയിലെത്തിച്ച രോഗികളാണ് ചികിത്സ ലഭിക്കാതെ ആംബുലന്‍സുകളില്‍ മണിക്കൂറുകളോളം കാത്തുകിടന്നത്. പതിനഞ്ചോളം ആംബുലന്‍സുകളിലാണ് രോഗികളെ കൊണ്ടുവന്നത്. രാവിലെ എത്തിയ ആംബുലന്‍സുകള്‍ ഉച്ചവരെ രോഗികളുമായി പുറത്തു കിടന്നു. ശ്വാസതടസമുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികള്‍ വരെയുണ്ടായിരുന്നു. ആംബുലന്‍സിലെ രോഗികളുടെ ഗുരുതരാവസ്ഥ പരിശോധിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. മറ്റൊരു ആശുപത്രിയില്‍ നിന്ന് കൊണ്ടുവരുന്നതായ രേഖകള്‍ ഇല്ല എന്നു പറഞ്ഞായിരുന്നു ഇത്.

വന്‍ പ്രതിഷേധമുയര്‍ന്നതോടെ ഉച്ചകഴിഞ്ഞ് ആംബുലന്‍സുകളില്‍ നിന്ന് രോഗികളെ ചികിത്സയ്ക്കായി വാര്‍ഡുകളിലേക്ക് മാറ്റി. സാങ്കേതികപ്രശ്‌നം മാത്രം ആണെന്നും രോഗികളുടെ എണ്ണം കൂടിയതിനാലാണ് കാലതാമസം നേരിട്ടതെന്നുമാണ് അധികൃതരുടെ വിശദീകരണം.