ഇന്ത്യയില്‍ ഓക്സിജന്റെ മൊത്തം ആഭ്യന്തര ഉത്പാദനം കണക്കിലെടുത്താല്‍ കേരളത്തില്‍ മാത്രമാണ് ഉപഭോഗത്തിലും അധികം ഉത്പാദനം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ അവശ്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരണത്തിന് കീഴടങ്ങുകയാണ്.
ഇത്തരത്തില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച മാതാപിതാക്കളുടെ മൃതദേഹം വിട്ടുകിട്ടാനാകാതെ കരയുന്ന മക്കളുടെ ചിത്രമെന്ന നിലയില്‍ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
‘ഓക്സിജന്‍ കിട്ടാതെ അച്ഛനും അമ്മയും മരിച്ചു… ആ ദേഹങ്ങള്‍ വിട്ടു കിട്ടണമെങ്കില്‍ 23000 കൊടുക്കണം… ഒരു രാജ്യം നേരിടുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ’ എന്ന കുറിപ്പിനോടൊപ്പമാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) കണ്ടെത്തി. മഹാരാഷ്ട്ര, വിരാറില്‍ സ്വകാര്യ ആശുപത്രിയിലെ തീപിടുത്തത്തില്‍ ബന്ധുക്കളെ നഷ്ടമായവരുടെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്താല്‍ പരിശോധിച്ചപ്പോള്‍ സമാനമായ ചിത്രത്തോടൊപ്പമുള്ള മാധ്യമവാര്‍ത്തകള്‍ കണ്ടെത്താന്‍ സാധിച്ചു. മാധ്യമ വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ മഹാരാഷ്ട്രയിലെ വിജയ് വല്ലഭ് എന്ന സ്വകാര്യ ആശുപത്രിയില്‍ സംഭവിച്ച തീപിടുത്തമാണ് മുഖ്യ കാരണമെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. 2021 ഏപ്രില്‍ 23 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.
ആശുപത്രിയിലെ തീപിടുത്തത്തെക്കുറിച്ച് ഔട്ട്ലുക്ക് ഇന്ത്യ, റെഡ്ഡിഫ്, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങിയ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് വാര്‍ത്തകളില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും. വിരാര്‍ ആശുപത്രിയിലെ തീപിടുത്തത്തെക്കുറിച്ച് ഇന്ത്യാ ടുഡേ നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍, ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 രോഗികള്‍ മരിച്ചതായി മനസ്സിലാക്കാം. എന്നാല്‍ ഓക്സിജന്റെ അഭാവത്തിലാണ് ഇവര്‍ മരിച്ചതെന്ന് എവിടേയും കണ്ടെത്താനായില്ല.
വിരാര്‍ ആശുപത്രിയിലെ തീപിടുത്തത്തിന് രണ്ട് ദിവസം മുമ്ബ് മഹാരാഷ്ട്രയിലെ നാസികിലെ ഡോക്ടര്‍ സാക്കിര്‍ ഹുസൈന് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 22 രോഗികള്‍ മരിച്ചിരുന്നു. ആശുപത്രിയില്‍ ഓക്സിജന്‍ സൂക്ഷിച്ചിരുന്ന ടാങ്കറിന് ലീക്കുണ്ടായതിനെ തുടര്‍ന്നാണ് രോഗികള്‍ മരിച്ചത്. ന്യൂസ് 18 മലയാളത്തില്‍ ഇതേക്കുറിച്ച് വന്ന വാര്‍ത്ത പരിശോധിക്കാം. മരിച്ചവരില്‍ അധികവും വെന്റിലേറ്ററില്‍ കഴിയുന്നവരായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ല.
ഫേസ്ബുക്ക് പോസ്റ്റുകളില്‍ ആരോപിക്കുന്ന മറ്റൊരു കാര്യം മൃതദേഹം വിട്ടുകിട്ടാന്‍ 23,000 രൂപ നല്‍കണം എന്നതാണ്. പക്ഷേ ഇത്തരത്തില്‍ ഒരു വാദത്തെക്കുറിച്ച് തിരഞ്ഞപ്പോള്‍ സമാനമായ മാധ്യമ റിപ്പോര്‍ട്ടുകളോ വ്യക്തമായ വിവരങ്ങളോ കണ്ടെത്താന്‍ സാധിച്ചില്ല.
അതിനാല്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച മാതാപിതാക്കളുടെ മൃതദേഹം വിട്ടുകിട്ടാന്‍ 23,000 കൊടുക്കണം എന്ന വാദത്തോടൊപ്പം പ്രചരിക്കുന്ന ചിത്രങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും, മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളാണ് ഇവരെന്നും വ്യക്തമാണ്.