കൊവിഡ് ലക്ഷണങ്ങളുള്ള വൃദ്ധയെ മകളുടെ വീടിന് സമീപമുള്ള പെരുവഴിയില്‍ ഇറക്കിവിട്ട് മകന്‍ കടന്നു കളഞ്ഞു.മകനൊപ്പമായിരുന്നു വൃദ്ധ താമസിച്ചിരുന്നത്. മകന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ്‌ വൃദ്ധയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഈ മകന്‍ വ്യാഴാഴ്ച വൃദ്ധയെ തൊണ്ടിക്കുഴയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.എന്നാല്‍, മകളുടെ വീട്ടിലാക്കാതെ സമീപമുള്ള റോഡില്‍ വയോധികയെ ഇറക്കിവിട്ട് ഇയാള്‍ സ്ഥലം വിടുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

85 കാരിയെ ആരോഗ്യപ്രവര്‍ത്തകരും പൊലീസും മകളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്ക് പനിയും ശ്വാസം മുട്ടലുമുണ്ട്. തൊടുപുഴ ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ തൊണ്ടിക്കുഴയിലാണ് സംഭവം.വഴിയില്‍ വീണ് പരിക്കേറ്റെങ്കിലും ഇവര്‍ മകളുടെ വീട് വരെ നടന്നെത്തിയിരുന്നു. അപ്പോഴേക്കും നഗരത്തില്‍ പോയിരുന്ന മകളും തിരിച്ചെത്തി.