ആലപ്പുഴ: മാന്നാറില്‍ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളാണിവര്‍. മലപ്പുറം സ്വദേശികളായ രാജേഷ് പ്രഭാകര്‍, ഹാരിസ്, എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്‌റ്റിലാകുന്നവരുടെ ആകെ എണ്ണം 13 ആയി. രാജേഷ് പ്രഭാകറാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ആസൂത്രണം ചെയ്‌തത്.

സ്വര്‍ണക്കടത്തില്‍ ക്യാരിയറായിരുന്ന മാന്നാര്‍ കൊരട്ടിക്കാട്ട് സ്വദേശിയായ ബിന്ദു (32)​ ദുബായില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഈ സ്വര്‍ണം ഇവര്‍ മാലിയില്‍ ഉപേക്ഷിച്ചതായാണ് പൊലീസിന് നല്‍കിയ വിവരം. സ്വര്‍ണം നഷ്‌ടപ്പെട്ടതോടെ രാത്രി രണ്ട് മണിക്ക് യുവതിയെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ച സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിലെ മുഖ്യ പ്രതികളായ രാജേഷിനെയും ഹാരിസിനെയും എടപ്പാളില്‍ നിന്നും നെടുമ്ബാശേരിയില്‍ നിന്നുമാണ് പിടികൂടിയത്.

ഫെബ്രുവരി 22നായിരുന്നു സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. നാല് ദിവസത്തിന് ശേഷം പാലക്കാട് വടക്കഞ്ചേരിയില്‍ ഇവരെ ഇറക്കിവിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍‌ക്കങ്ങളാണ് സംഭവത്തിന് ആസ്‌പദമായതെന്ന് പൊലീസ് അറിയിച്ചു