മുംബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത് സച്ചിന് ടെന്‍ഡുല്‍ക്കര്‍. ‘മിഷന് ഓക്സിജന്‍’ പദ്ധതിയിലേക്ക് ആണ് സച്ചിന് ഒരു കോടി രൂപ സംഭാവന ചെയ്തത്. ഈ പണം കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള് ഇറക്കുമതി ചെയ്യാനായി ഉപയോഗിക്കും.
കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സച്ചിന് പറയുന്നു. നേരത്തെ കോവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് സച്ചിന് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം കൊവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വീണ്ടും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ടെസ്റ്റ് പൊസിറ്റിവിറ്റി 10ന് മുകളില്‍ ഉള്ളതും, ഐ സി.യു/ഓക്സിജന്‍ കിടക്കകള്‍ 60% നിറഞ്ഞതുമായ സ്ഥലങ്ങളില്‍ നിയന്ത്രണം ശക്തമാക്കണം. ജനങ്ങള്‍ കൂട്ടമായി ഇടപഴകുന്നത് നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ കൂട്ടംകൂടലുകളും ആഘോഷങ്ങളും നിയന്ത്രിക്കണം. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ ഷോപ്പിങ് കോംപ്ലെക്സ്, സിനിമാ തിയേറ്റര്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടണം.
പൊതുഗതാഗത സംവിധാനങ്ങളില്‍ പകുതി ആളുകള്‍ മാത്രമേ പാടുള്ളൂ. എല്ലാ ഓഫീസുകളിലും 50% ജീവനക്കാര്‍ മാത്രം ജോലിക്ക് നേരിട്ട് ഹാജരായാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി കര്‍ഫ്യൂ അടക്കമുള്ള മറ്റു നിയന്ത്രണങ്ങള്‍ക്ക് പുറമേയാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കിയിരിക്കുന്നത്.