ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകുമെന്ന് റിപബ്ലിക് ടിവി -സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും. 160 മുതല്‍ 170 വരെ സീറ്റുകള്‍ ഡിഎംകെയ്ക്ക് കിട്ടാനിടയുണ്ട്. എഐഎഡിഎംക്കെയ്ക്ക് 58 മുതല്‍ 68 വരെ സീറ്റുകള്‍ കിട്ടും. ടിടിവി ദിനകരന്റെ എഎംഎംകെയ്ക്ക് 4 മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിക്കുമെന്നും റിപബ്ലിക് ടിവി സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

234 അംഗ നിയമസഭയാണ് തമിഴ്‌നാട്ടിലേത്. കഴിഞ്ഞ രണ്ടു തവണയായി എഐഎഡിഎംകെയാണ് ഭരിക്കുന്നത്. ഇത്തവണ ഭരണം മാറുമെന്ന് സര്‍വ്വെ സൂചിപ്പിക്കുന്നു. 124 സീറ്റിന്റെ ബലത്തിലായിരുന്നു എഐഎഡിഎംകെയുടെ ഭരണം.പ്രതിപക്ഷമായ ഡിഎംകെ സഖ്യത്തിന് 104 സീറ്റാണുണ്ടായിന്നത്. അതില്‍ ഡിഎംകെ 96, കോണ്‍ഗ്രസ് 7, മുസ്ലിം ലീഗ് ഒന്ന് എന്നിങ്ങനെയായിരുന്നു ഫലം. ഇത്തവണ ഭരണം മാറുമ്ബോള്‍ സ്റ്റാലിന് മുഖ്യമന്ത്രിയാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

അതേസമയം, തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി-മാര്‍ക്ക് നടത്തിയ എക്‌സിറ്റ് പോള്‍ ഫലവും പുറത്തുവന്നു. ഡിഎംകെ ഭരണമാണ് അവരും പ്രവചിക്കുന്നത്. 165 മുതല്‍ 190 വരെ സീറ്റുകള്‍ ഡിഎംകെയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം. എഡിഎംകെയ്ക്ക് 58 മുതല്‍ 68 വരെ സീറ്റുകള്‍ കിട്ടുമെന്നും സര്‍വ്വെയില്‍ പറയുന്നു. എഎംഎംകെയ്ക്ക് 4 മുതല്‍ ആറ് സീറ്റ് വരെ കിട്ടിയിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു.