കോവിഡ് മഹാമാരിയെ സംബന്ധിച്ച്‌ ആളുകള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ഡാന്‍സ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. ഈയടുത്ത് ഹിറ്റായി മാറിയ ‘എഞ്ജോയ് എഞ്ജാമി’ എന്ന തമിഴ് ഗാനത്തിന്റെ പാരഡി ഗാനമാണ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിരിക്കുന്നത്.

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ യൂണിഫോം ധരിച്ച ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ ഡാന്‍സ് ചെയ്യുന്നത് കാണാം. എങ്ങനെ മാസ്ക് ധരിക്കണം, സാമൂഹിക അകലം എങ്ങനെ പാലിക്കാം, സാനിറ്റൈസര്‍ ഉപയോഗിക്കണം തുടങ്ങിയ കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് ഗാനത്തിന്റെ വരികള്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിന്‍ സ്വീകരിക്കണമെന്നും ഈ ഗാനത്തിന്റെ വരികളിലൂടെ പോലീസ് ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് കേരള പോലീസിന്റെ ‘പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. ‘പ്രവര്‍ത്തിക്കാം നമുക്കൊരുമിച്ച്‌ പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം, കേരളാ പോലീസ് ഒപ്പമുണ്ട്’ എന്നും കേരള പോലീസ് മീഡിയാ സെന്റര്‍ പുറത്തിറക്കിയ വീഡിയോയില്‍ അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. 9,000 ഷെയറുകളും 15,000 ലൈക്കുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്.

ആദ്യമായിട്ടല്ല കേരള പോലീസ് പുറത്തിറക്കിയ കോവിഡ് ബോധവല്‍ക്കരണ വീഡിയോ വൈറലാവുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ‘കൈകഴുകുന്ന ഡാന്‍സ് വീഡിയോ’ വന്‍ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ കളക്കാത്ത എന്ന ഗാനത്തിനൊത്ത് ആറു പോലീസുകാര്‍ നൃത്തം ചെയ്യുന്ന വീഡിയോയായിരുന്നു ഇത്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന വിധേന എങ്ങളെ കൈകഴുകാം എന്നും ആളുകളെ ഈ വീഡിയോ വഴി പഠിപ്പിക്കുകയായിരുന്നു പോലീസ്.

കേരള പോലീസ് മീഡിയാ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറായ വി. പി. പ്രമോദ് കുമാറാണ് ഈ കോവിഡ് ബോധവല്‍ക്കരണ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഹേമന്ദ് നായര്‍, ഷീഫിന്‍ സി. രാജ് എന്നിവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആദിത്യ എസ്. നായരും രാജേഷ് ലാല്‍ വംഷയും എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് നാഹൂം അബ്രഹാമും നിള ജോസഫുമാണ്.

ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 30 ലക്ഷമാണ്. രാജ്യത്തെ മൊത്തം മരണനിരക്കും രണ്ട് ലക്ഷം കടന്നു. 2,04,832 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച്‌ രണ്ട് ലക്ഷത്തിന് മേല്‍ മരിക്കുന്ന രാജ്യങ്ങില്‍ ഇന്ത്യ നാലാമതായി. യുഎസ്, ബ്രസീല്‍, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ രണ്ട് ലക്ഷത്തിന് മുകളിലുള്ളത്.