കൊച്ചി : ഹനുമാന്‍ ജയന്തി ആശംസിച്ച്‌ ഉണ്ണി മുകുന്ദന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ കമന്റ് ചെയ്തത് ഉണ്ണിയോടുള്ള അടുപ്പം കൊണ്ടാണെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. സ്വകാര്യ വാര്‍ത്താ മാദ്ധ്യമത്തിനോട് സംസാരിക്കുകയായിരുന്നു സന്തോഷ് കീഴാറ്റൂര്‍ .

‘ ഞാന്‍ ഒരു മതത്തെയോ , വിശ്വാസത്തെയോ എതിര്‍ക്കുന്ന ആളല്ല . പിന്നെ ഈശ്വരന്‍ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്. രക്ഷിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല . മനുഷ്യന്‍ മരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ഞാന്‍ കണ്ടത് . ഞാനും ഒരു വിശ്വാസി തന്നെയാണ്. ആ കമന്റ് ഒരു വിശ്വാസിയുടെ നിര്‍ദോഷകരമായ സംശയം മാത്രമായിരുന്നു. ഉണ്ണിയോടുള്ള സ്വാതന്ത്ര്യം കൊണ്ടാണ് ആ കമന്റ് ചെയ്തത് . ഞാന്‍ ഒരാളുടെയും വിശ്വാസവും മതവും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ട കമന്റല്ല അത്.’ -സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.

‘ സഹപ്രവര്‍ത്തകരായ ഞങ്ങളെ തമ്മില്‍ തെറ്റിക്കുകയാണ് ഉദ്ദേശമെങ്കില്‍. അത് നടക്കുമെന്ന് കരുതേണ്ട.ഞാന്‍ ഫെയ്സ്ബുക്കില്‍ ജീവിക്കുന്ന ആളല്ല. വല്ലപ്പോഴും മാത്രമേ ഇത് നോക്കാറുള്ളൂ. ഇത്തരം പ്രചാരണങ്ങളൊന്നും എന്നെ ബാധിക്കില്ല. ഉണ്ണി, ചേട്ടാ എന്ന് വിളീച്ചാണ് മറുപടി പറഞ്ഞത്. ഇത് രണ്ടു സഹപ്രവര്‍ത്തകര്‍ തമ്മില്‍ ഷെയര്‍ ചെയ്ത കാര്യമാണ്. അതില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിഷമമില്ല. എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഞാന്‍ അത് ഡിലീറ്റ് ചെയ്തത്. അല്ലാതെ പേടിച്ച്‌ ഓടിപ്പോയതല്ലെന്നും’ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.