ചെന്നൈ: കൊവിഡ് വാക്‌സിന്‍ കാരണമാണ് നടന്‍ വിവേകിന് ഹൃദയാഘാതമുണ്ടായി മരണമടഞ്ഞതെന്ന പരാമര്‍ശം നടത്തിയ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന് പിഴ ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി. കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങുന്നതിനായി തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ രണ്ട് ലക്ഷം രൂപ അടയ്‌ക്കാനും മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ മന്‍സൂര്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ച്‌ ഹൈക്കോടതി പറഞ്ഞു.

വാക്‌സിനെടുത്തതാണ് വിവേക് മരണമടയാന്‍ കാരണമെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ ആരോപണം.ഇതിനെതിരെ ബിജെപി

നേതാവായ രാജശേഖരന്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വടപളനി പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് മന്‍സൂറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. താന്‍ വാക്‌സിന്‍ നിര്‍ബന്ധപൂര്‍വം എടുപ്പിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്നും വാക്‌സിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ജാമ്യത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കിയത്. കൊവിഡ് എന്നൊന്നില്ലെന്നും എന്തിനാണ് നിര്‍ബന്ധിച്ച്‌ വാക്‌സിനെടുപ്പിക്കുന്നത് എന്നുമായിരുന്നു വിവേകിന്റെ മരണത്തെ തുടര്‍ന്ന് മന്‍സൂര്‍ അലി ഖാന്‍ പ്രതികരിച്ചത്.