കണ്ണൂര്‍: മട്ടന്നൂര്‍ മണ്ണൂര്‍ നായിക്കാലി പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. പാളാട് കൊടോളിപ്രം എല്‍പി സ്‌കൂളിനു സമീപത്തെ അമൃതാലയത്തില്‍ ബാലകൃഷ്ണന്‍- രമണി ദമ്ബതികളുടെ മകള്‍ അമൃത ബാലകൃഷ്ണ (25) നാണ് മരിച്ചത്. അമൃത രക്ഷിക്കാന്‍ ശ്രമിച്ച കുട്ടിയെ ഓടിക്കൂടിയ നാട്ടുകാര്‍ കരയ്ക്കുകയറ്റി. ഇന്ന് പുലര്‍ച്ചെ ഏഴിന് നായിക്കാലി ക്ഷേത്രത്തിന് മുന്നിലുള്ള പുഴയിലായിരുന്നു സംഭവം. വസ്ത്രം അലക്കാനായി അയല്‍വാസികള്‍ക്കൊപ്പമെത്തിയതായിരുന്നു അമൃത.

കൂടെയുണ്ടായിരുന്ന അയല്‍വാസിയായ ഒമ്ബതു വയസുകാരി വെള്ളത്തില്‍ വീണതിനെത്തുടര്‍ന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമൃത മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പുഴയില്‍ ചാടി വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തി ചാലോടിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി കണ്ണൂരിലേക്ക് കൊണ്ടുപോവുംവഴി മരണം സംഭവിച്ചു. മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റാണ് പിതാവ് സി ബാലകൃഷ്ണന്‍. സഹോദരി: അനഘ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.