സീരിയലില്‍ നിന്നു തന്നെ പുറത്താക്കാനുള്ള കാരണം ആദിത്യന്‍ ജയനാണെന്ന ഗുരുതരമായ ആരോപണവുമായി നടന്‍ ഷാനവാസ്. പത്തു വര്‍ഷം മുമ്പുള്ള നിസാര പ്രശ്‌നത്തിന്റെ പേരില്‍ പക മനസില്‍ സൂക്ഷിച്ച്‌ ആദിത്യന്‍ തന്നെ ഉപദ്രവിച്ചെന്നും ഇല്ലാക്കഥകള്‍ സൃഷ്ടിച്ച്‌ അപമാനിച്ചെന്നും ഷാനവാസ് ആരോപിച്ചു.

പിന്നീട് ഒപ്പം അഭിനയിച്ചവരും അണിയറപ്രവര്‍ത്തകരും താന്‍ നിരപരാധിയാണെന്ന് തിരിച്ചറി‍ഞ്ഞെന്നും ക്ഷമ ചോദിച്ചെന്നും ഇപ്പോള്‍ തെറ്റിദ്ധാരണകള്‍ മാറി അവര്‍ തന്നെ വച്ച്‌ പുതിയ സീരിയല്‍ ചെയ്യാനുള്ള തയാറെടുപ്പിലാണെന്നും ഷാനവാസ് വെളിപ്പെടുത്തുന്നു.

തന്നെ സീരിയലില്‍ നിന്നു ഒഴിവാക്കിയതിനു ശേഷം എന്റെ പേരില്‍ സംവിധായകനു വന്ന വധഭീഷണിയുടെ പിന്നിലും ആദിത്യനാണോ എന്നു സംശയമുണ്ടെന്നും ഷാനവാസ് പറഞ്ഞു. ”എന്നോട് അവര്‍ക്ക് ദേഷ്യം തോന്നാനും പരമാവധി അകറ്റാനും വേണ്ടി അവന്‍ ഉണ്ടാക്കിയതാണോ ആ വ്യാജ ഭീഷണി എന്നാണ് ഇപ്പോള്‍ എന്റെ സംശയം. മാത്രമല്ല ഞാനഭിനിയിച്ച മറ്റൊരു സീരിയലിന്റെ അണിയറപ്രവര്‍ത്തകരെ വിളിച്ച്‌ എന്റെ അന്നം മുടക്കാന്‍ ശ്രമിക്കുകയും ചെയ്തു. അത്ര വൃത്തികെട്ട മനസിന്റെ ഉടമയാണ്. പല ഓണ്‍ലൈന്‍ ചാനലുകളിലും എന്നെക്കുറിച്ച്‌ മോശമായി സംസാരിച്ചു. പരിഹസിച്ചു. അപ്പോഴൊക്കെ ഞാന്‍ ഒന്നും പ്രതികരിക്കാതിരുന്നത് സഹപ്രവര്‍ത്തകരുടെ ഉപദേശപ്രകാരമാണ്. പ്രതികരിച്ചാല്‍ എന്നെ തേടി വരിക ക്വട്ടേഷന്‍ ടീമായിരിക്കുമത്രേ. അവര്‍ പറഞ്ഞത് സംഭവിച്ചു. ഒരു ചടങ്ങിനിടെ എന്നെ അപകടപ്പെടുത്താന്‍ ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി വന്നു.

തിരുവനന്തപുരത്തു വച്ച്‌, ഞാന്‍ പങ്കെടുക്കേണ്ട ഒരു പരിപാടിയിലേക്കാണ് ആദിത്യന്‍ ക്വട്ടേഷന്‍ ടീമുമായി എത്തിയത്. വിവരം മനസിലാക്കിയ അടുത്ത സുഹൃത്തുക്കളിലൊരാള്‍ എന്നെ വിളിച്ചു വിവരം പറഞ്ഞു. അവിടേക്ക് ഞാന്‍ വരേണ്ടെന്ന് അവന്‍ ഉപദേശിച്ചു. പക്ഷേ ഞാന്‍ ചെന്നു. നേരെ ചെന്ന് ആദിത്യനോട് കുശലം ചോദിച്ചു. ഒപ്പം വന്ന ഗുണ്ടകളുടെ നേതാവിനോട് ‘എന്നെ കാണാനല്ലേ വന്നത്. പരിപാടി കഴിഞ്ഞ് ഞാന്‍ വരാം. കാര്യങ്ങള്‍ പറഞ്ഞിട്ടു പോയാല്‍ മതി’ എന്നും പറഞ്ഞു വേദിയിലേക്ക് പോയി. ഞാന്‍ കാര്യം മനസിലാക്കിയെന്നറിഞ്ഞതോടെ അവര്‍ മുങ്ങി. എന്നെ മാത്രമല്ല, പലരെയും ഇതേ പോലെ ഗുണ്ടകളെ ഉപയോഗിച്ചു വിരട്ടിയിട്ടുണ്ടത്രേ. അത്ര അപകടകാരിയാണവന്‍. ‘ഇങ്ങനെ ഒരു മനുഷ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. മനസ്സില്‍ വിഷം കൊണ്ടു നടക്കുക, പക കൊണ്ടു നടക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതാണ് ആദിത്യന്‍. എന്തൊരു ദുഷ്ട ചിന്തയാണയാള്‍ക്ക്.

”എനിക്കെതിരെ ആദിത്യന്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അമ്പിളി ദേവിയോടുള്ള ബഹുമാനം കാരണമാണ് ഞാനതൊന്നും പുറത്തു വിടാതിരുന്നതും ഇത്ര കാലം പ്രതികരിക്കാതിരുന്നെതും. അവരുടെ കുടുംബജീവിതത്തില്‍ ഞാന്‍ കാരണം ഒരു ബുദ്ധിമുട്ടാണ്ടാകരുതെന്നു തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യമില്ല”. – ഷാനവാസ് പറയുന്നു.