ലക്‌നൗ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും ആശ്വാസ നടപടിയുമായി യോഗി സര്‍ക്കാര്‍. കോവിഡ് ബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാം. ഇതിന്റെ മുഴുവന്‍ ചിലവും വഹിക്കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.

രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുമെന്നും അതിന്റെ മുഴുവന്‍ ചികിത്സാ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പുറമെ, കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മരണാനന്തര ചടങ്ങുകള്‍ അവരവരുടെ മതാചാര പ്രകാരം നടത്തുമെന്നും അതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയിലും ഓക്‌സിജനോ മരുന്നിനോ ക്ഷാമമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കോവിഡ് വാക്‌സിന്റെ 1 കോടി ഡോസുകള്‍ക്ക് യോഗി സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.