മലപ്പുറം | എക്കാലത്തേയും സൗമ്യനും മാന്യനുമായ എതിര്‍ സ്ഥാനാര്‍ഥിയായിരുന്നു വി വി പ്രകാശെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. പ്രകാശിന്റെ വിടവാങ്ങല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 2011ല്‍ തവനൂരില്‍ ജലീലിന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്നു വി വി പ്രകാശ്.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:

വി വി പ്രകാശിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സൗമ്യതയുടെയും മാന്യതയുടെയും ആള്‍രൂപമായിരുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന വിശേഷണത്തിന് എല്ലാംകൊണ്ടും അര്‍ഹനായിരുന്നു വി.വി പ്രകാശ്. പകിട്ടും പത്രാസുമില്ലാതിരുന്നിട്ടും മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആത്മാര്‍ത്ഥതയുള്ള ഒരുപാട് അനുയായികളെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുമാറ് ആകര്‍ഷണീയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ജേഷ്ഠ തുല്യമായ സ്‌നേഹാദരങ്ങളോടെയാണ് ഞാനെന്നും പ്രകാശിനെ കണ്ടിട്ടുള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം നടന്ന പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പില്‍ (2011) തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എനിക്കെതിരെ മല്‍സരിച്ചത് വി.വി പ്രകാശായിരുന്നു. എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ അതിനുള്ളൂ, വി.വി പ്രകാശ്. കലുഷിതമായ രാഷ്ട്രീയ അരങ്ങത്തു നിന്ന് ഒട്ടും നിനക്കാത്ത നേരത്ത് ആരോടും ചൊല്ലാതെ കാലയവനികക്കുള്ളില്‍ പൊയ്മറഞ്ഞ സുഹൃത്തേ, അങ്ങയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം.