തിരുവനന്തപുരം: വാക്‌സിന്റെയും ഓക്‌സിജന്റെയും പേരിലുള്ള സിപിഎമ്മിന്റെ കേന്ദ്രവിരുദ്ധ സമരം സ്വന്തം വീഴ്ച മറച്ചുവയ്ക്കാനും ജാള്യത മൂടിവയ്ക്കാനും വേണ്ടി മാത്രം നടത്തുന്ന പ്രഹസന നാടകമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കൊവിഡിനെതിരെ സുസംഘടിതവും ആസുത്രിതവും ശാസ്ത്രീയവുമായ ക്രിയാത്മക പ്രതിരോധ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമ്ബോള്‍ കേരളം ഭരിക്കുന്ന സിപിഎം സമരപരിപാടികളുമായി ഇറങ്ങിത്തിരിക്കുന്നത് തീര്‍ത്തും അപലപനീയമാണ്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനെ ഉപകരിക്കൂ. കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ചോ ഏറ്റുമുട്ടിയോ അല്ല ഈ സന്ദര്‍ഭത്തില്‍ കേരള സര്‍ക്കാര്‍ പ്രതിരോധിക്കേണ്ടത്. മറിച്ചു കേന്ദ്രവുമായി സഹകരിച്ചു പരസ്പര വിശ്വാസത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ് വേണ്ടത്.

കേരളത്തില്‍ ഇന്നേവരെ വാക്‌സിന്‍ ക്ഷാമം ഉണ്ടായിട്ടില്ല. ഓക്‌സിജന്‍ വേണ്ടത്ര സ്‌റ്റോക്ക് ഉണ്ട്. പിന്നെ എന്താണ് കേരളത്തിലെ പ്രശ്‌നം? വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിക്കും തിരക്കും അവശരായി തളര്‍ന്ന് വീഴുന്നതുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം സംഭവിക്കുന്നതാണ്. ഇന്നലെ ഫാത്തിമ എന്ന വയോധിക ചികില്‍സ കിട്ടാതെ മരിച്ചു. ഒരു ആംബുലന്‍സ് കിട്ടാതെ പെരുമ്ബാവൂരില്‍ ഒരു വയോധികന്‍ റോഡില്‍ കിടന്നു ചികില്‍സ ലഭിക്കാതെ മരിച്ചു. വടക്കെ ഇന്ത്യയില്‍ ഉണ്ടാകുന്ന മരണത്തെ കുറിച്ച്‌ പെരിപ്പിച്ചുകാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎം കേരളത്തിലെ ദുരിതങ്ങളും ദുരന്തങ്ങളും എന്തിന് മറച്ചു വയ്ക്കണം. വാക്‌സിന്‍ ഉണ്ടാക്കുന്നതിലോ വിതരണം നടത്തുന്നതിലോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു വീഴ്ചയും നാളിതുവരെ ഉണ്ടായിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

കേന്ദ്രത്തിനെ എന്തിനും കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ പ്രവണത ശരിയല്ല. കൊവാക്‌സിന് കേന്ദ്രം അനുമതി നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും ശശി തരൂരും ശക്തമായി എതിര്‍ത്തു. അവരാണിപ്പോള്‍ കേന്ദ്രം വാക്‌സിന്‍ തരുന്നില്ല എന്ന ആവലാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. കോണ്‍ഗ്രസ്സും സിപിഎമ്മും കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.