ദുബായ്: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കഷ്ടതയനുഭവിക്കുന്ന മേഖലകളിലേക്ക് ഓക്സിജന്‍ വിതരണത്തിനായി തയ്യാറെടുത്ത് യു എ ഇയും. അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ദുബായിലെ സിഖ് ഗുരുദ്വാരയും ചേര്‍ന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. യുഎഇയുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ പിന്തുണയോടെ, അബുദാബിയിലെ ബി‌എ‌പി‌എസ് ഹിന്ദു മന്ദിര്‍ ഇന്ത്യയ്ക്ക് ആവശ്യമായ ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഓക്സിജന്‍ ടാങ്കുകളുടെയും സിലിണ്ടറുകളുടെയും ഒരു വിതരണ ശൃംഖല ഉണ്ടാക്കുകയാണ് യു എ ഇയിലെ ഇന്ത്യക്കാര്‍. 440 മെട്രിക് ടണ്‍ ദ്രാവക ഓക്സിജന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിലെ ഭാരവാഹികള്‍ അറിയിച്ചു.

അബുദാബി ക്ഷേത്രനിര്‍മാണ ചുമതലയുള്ള പ്രസ്ഥാനമായ ബാപ്‌സ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും ബാപ്സിന് കീഴിലെ കോവിഡ് ആശുപത്രികള്‍ മുഖേനയുമാണ് ഓക്സിജന്‍ രോഗികള്‍ക്ക് ലഭ്യമാക്കുക. 44 മെട്രിക് ടണ്‍ ദ്രാവക ഓക്സിജന്‍, 600 സിലിണ്ടറുകളിലായി 30,000 ലിറ്റര്‍ മെഡിക്കല്‍ ഓക്സിജന്‍, 130 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എന്നിവയുള്‍ക്കൊള്ളുന്ന ആദ്യലോഡ് ഈയാഴ്‌ച അയക്കും. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പിന്റെ സഹകരണത്തോടെ വായു, കടല്‍ മാര്‍ഗമാണ് ഇതെത്തിക്കുക.

പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായസഹകരണവുമായി മുന്നോട്ടുവന്ന യു.എ.ഇക്ക് ബാപ്സ് നന്ദിയറിയിച്ചു. ഇന്ത്യയ്ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനം കോവിഡിനെതിരെയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതാണെന്നും ബാപ്സ് വ്യക്തമാക്കി.