ഇടുക്കി: വിവാഹദിവസം വരനെ കാണാതായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ സംഭവത്തിലെ വരന്‍, മോഷ്‌ടിച്ച ബൈക്കുമായി പിടിയില്‍. ഇടുക്കി പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെയാണ് (28) രാജകുമാരിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച്‌ 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മരിക്കുകയും ചെയ്‌തിരുന്നു.

ഇതോടെ ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്ബാവൂര്‍, തമിഴ്നാട്ടിലെ കമ്ബം, മധുര, പൊളളാച്ചി, തൃച്ചി, കോയമ്ബത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതായി പൊലീസ് കണ്ടെത്തി. പിടിക്കാതിരിക്കാന്‍ നാലു തവണ ഫോണും സിംകാര്‍ഡും മാറ്റിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്ന് പറഞ്ഞുളള ശബ്‌ദസന്ദേശം ജെസിം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. വിവാഹത്തിന് താത്‌പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്‌ദസന്ദേശമിട്ടത് പൊലീസിനെ കബളിപ്പിക്കാനാണെന്നും ജെസിം മൊഴി നല്‍കി. തൃപ്പൂണിത്തുറ, കണ്ണൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍നിന്ന് പ്രതി ബൈക്കുകള്‍ മോഷ്‌ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.