വാഷിങ്ടണ്‍ : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്ക. ഇന്ത്യയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണെന്നും അമേരിക്ക പറഞ്ഞു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്‌സിന്റെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത് .

‘ഇന്ത്യയില്‍ കോവിഡ് കാരണം വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്. ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്ന യുഎസ് പൗരര്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പടുത്തണം. യുഎസിലേക്ക് നേരിട്ടും പാരിസ് വഴിയുമുള്ള വിമാനങ്ങള്‍ നിലവില്‍ ലഭ്യമാണ്’-ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ 3,79,257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3645 പേര്‍ മരിച്ചു. 2,69,507 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,83,76,524 ആയി. 1,50,86,878 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ആകെ മരണം 2,04,832. നിലവില്‍ 30,84,814 പേരാണ് ചികിത്സയിലുള്ളത്.