കൊച്ചി : ഭക്ഷണപ്രേമികളെ ഈയടുത്തായി ഏറെ കൊതിപ്പിച്ച വിഭവമാണ് ഷെഫ് സുരേഷ് പിള്ളയുടെ ഫിഷ് നിര്‍വാണ. കൊല്ലം റാവിസില്‍ സുരേഷ് പിള്ളയുണ്ടാക്കിയ ഫിഷ് നിര്‍വാണയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ നടി അഹാന കൃഷ്ണകുമാര്‍ ഫിഷ് നിര്‍വാണ കഴിച്ചതിന്റെ അനുഭവം പറഞ്ഞിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഷെഫ് പിള്ള തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പതിവുരീതിയിലുള്ള പ്രതികരണമായിരുന്നില്ല ഫോളോവേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരത്തിലുള്ളവരുടെ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് ഉപദേശിച്ചാണ് ചിലര്‍ രംഗത്ത് വന്നത്. മറ്റു ചിലര്‍ അഹാനയുടെ രാഷ്ട്രീയം ചികഞ്ഞ് വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തി. സൈബര്‍ ബുള്ളിയിംഗ്, അഹാനയുടെ രാഷ്ട്രീയ നിലപാടുകള്‍, സംഘപരിവാര്‍ ബന്ധം തുടങ്ങി വിമര്‍ശനങ്ങള്‍ ഒട്ടനവധിയാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. പൊങ്കാല ശക്തമായതോടെ ഷെഫ് നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. തെറിയും വിദേഷവും എഴുതി നിറക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഫേസ്ബുക്കില്‍ നൂറുകണക്കിന് ഇടമുണ്ട്.. ദയവായി അവിടം ഉപയോഗിക്കുക ഇവിടം സ്വര്‍ഗ്ഗമാണ്. എന്റെ മതവും രാഷ്ട്രീയവും ഭക്ഷണമാണെന്നും ഷെഫ് പറഞ്ഞു.